തച്ചമ്പാറ എൽ.ഡി.എഫിൽ ഭിന്നത മറനീക്കി പുറത്ത്

കല്ലടിക്കോട് (പാലക്കാട്): തച്ചമ്പാറയിൽ ഇടത് മുന്നണിയിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത്. മാസങ്ങൾക്ക് മുമ്പ് വാർഡ് വികസന കാര്യത്തിൽ സി.പി.ഐയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് സി.പി.ഐയിലെ ജോർജ് തച്ചമ്പാറ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കാൻ ഒരുങ്ങിയിരുന്നു.

ഭരണത്തിൽ അർഹമായ പരിഗണന കിട്ടുന്നില്ലെന്നായിരുന്നു സി.പി.ഐയുടെ പരാതി. പിന്നീട്, സി.പി.ഐയുടെയും സി.പി.എമ്മിന്‍റെയും പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഭിന്നത പരിഹരിക്കപ്പെട്ടു.

എന്നാൽ, ഇടവേളകൾക്ക് ശേഷം സി.പി.ഐ പ്രാദേശിക നേതാക്കൾ സി.പി.എമ്മിനെതിരെ പരസ്യവിമർശനവുമായി വീണ്ടും രംഗത്തെത്തുവന്നു. പഞ്ചായത്തിൽ എൽ.ഡി.എഫ് സംവിധാനം പ്രവർത്തിക്കുന്നില്ലെന്നാണ് സി.പി.ഐ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ആരോപിക്കുന്നത്.

സ്വതന്ത്ര അംഗം എം. അബൂബക്കർ സി.പി.ഐയിൽ ചേരാനുള്ള തീരുമാനം മാറ്റിയത് സി.പി.എം സമ്മർദം മൂലമാണെന്നും സി.പി.ഐ നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഗ്രാമപഞ്ചായത്തിലെ 15 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്.

സി.പി.ഐയിൽ ചേർന്നിട്ടില്ലെന്ന് വാർഡ് മെംബർ

തച്ചമ്പാറ: താൻ സി.പി.ഐയിൽ ചേർന്നിട്ടില്ലെന്ന് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് സ്വതന്ത്ര അംഗം അബൂബക്കർ മുച്ചീരിപ്പാടൻ എന്ന മണി. വാർഡ് വികസനം ചർച്ച ചെയ്യാൻ പോയ സമയത്ത് തനിക്ക് സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസിൽ സ്വീകരണം നൽകുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സി.പി.ഐയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതുകൊണ്ടാണ് അബൂബക്കറിന് തച്ചമ്പാറ ലോക്കൽ കമ്മിറ്റി സ്വീകരണം ഒരുക്കിയതെന്ന് സെക്രട്ടറി ജോർജ് തച്ചമ്പാറ പറഞ്ഞു.

Tags:    
News Summary - Thachambara: Differences in the LDF have been exposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.