കല്ലടിക്കോട്: കോരിച്ചൊരിയുന്ന മഴയത്തും മഴ കൊണ്ട് ബസ് കാത്തുനിൽക്കാൻ നിർബന്ധിതരാവുകയാണ് കല്ലടിക്കോട് മേഖലയിലെ യാത്രക്കാർ. നാട്ടുകൽ - താണാവ് ദേശീയപാത നവീകരിച്ചശേഷം കല്ലടിക്കോട്ട് മാപ്പിള സ്കൂൾ കവലക്ക് സമീപവും കല്ലടിക്കോട് ടി.ബിക്ക് അടുത്തും പുതുതായി വൻ തുക മുടക്കി നിർമിച്ച നവീന രീതിയിലുള്ള ലോഹ നിർമിത ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നോക്കുകുത്തിയായ അവസ്ഥയാണിന്ന്. ഇവ നിർമിച്ചിട്ട് ഒരു വർഷം തികയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനിയും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കാരണം ബസുകൾ നിർത്തുന്നത് ഇവിടെയല്ല.
ആറ് മാസംമുമ്പ് ദേശീയപാത ട്രാഫിക് റഗുലേറ്റിങ് കമ്മിറ്റി യോഗം ചേർന്ന് പാതയിലെ ബസ് കാത്തിരിപ്പുകേന്ദ്രം പുനഃക്രമീകരിക്കാൻ സമയബന്ധിതമായി പഠിച്ച് നടപടി സ്വീകരിക്കുമെന്ന് തീരുമാനിച്ചെങ്കിലും പ്രാവർത്തികമായില്ല. നിലവിൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് പെരുവഴിയിലാണ്. പുതിയ കാത്തിരിപ്പുകേന്ദ്രങ്ങളിൽ ബസുകൾ നിർത്തുന്നില്ല. മഴക്കാലം തുടങ്ങിയിട്ടും ഇതിന് മാറ്റവുമില്ല. ബസ് സ്റ്റോപ് പുനഃക്രമീകരിക്കാൻ നിയമപാലകർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.