കല്ലടിക്കോട്: തൂത-മുണ്ടൂർ പാത നവീകരണപ്രവൃത്തി പൂർത്തിയാവുന്നു. നിലവിൽ പുനർനിർമാണം മുണ്ടൂരിനും തിരുവാഴിയോടിനും ഇടയിൽ മാത്രമാണ് തീർന്നത്. പ്രതലം റീടാറിങ് ഏറെക്കുറെ പൂർത്തിയായി. പാതയോട് ചേർന്ന ഓവുചാൽ ക്രമീകരണം ഉൾപ്പെടെ ഇനിയും ബാക്കിയുണ്ട്. റോഡ് പണി തീർന്നാലും ജില്ലയുടെ അതിർത്തി പങ്കിടുന്ന ചെർപ്പുളശ്ശേരി നഗരസഭ പ്രദേശത്തെയും ആലിപറമ്പ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെയും കൂട്ടിയിണക്കുന്ന തൂതപ്പുഴക്ക് കുറുകെയുള്ള പാലം വീതി കൂട്ടുന്ന പ്രവൃത്തി തുടങ്ങാൻ അടുത്ത ഓണം വരെ കാത്തിരിക്കേണ്ടിവരും.
മുണ്ടൂർ-തൂത പാതയിൽ ഒമ്പത് ചെറിയ പാലങ്ങളും രണ്ട് വലിയ പാലങ്ങളുമാണ് പദ്ധതി രൂപരേഖയിലുള്ളത്. ഇവയിൽ വലിയ പാലങ്ങളിൽ കടമ്പഴിപ്പുറം തീയറ്റർ പരിസരത്തെ കാഞ്ഞിരപ്പുഴ കനാൽ പാലം വീതി കൂട്ടി ഒന്നര വർഷം മുമ്പ് തന്നെ പുനർനിർമിച്ചിരുന്നു. ഇനി തൂത പാലം പഴയ ഘടന നിലനിർത്തി വീതി കൂട്ടുന്ന പ്രവർത്തനം കാലവർഷത്തിന് ശേഷം തുടങ്ങാനാണ് ആലോചനയെന്ന് റോഡിന്റെ നവീകരണ ചുമതല ഏറ്റെടുത്ത കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റ് എൻജിനിയറിങ് വിങ് മാധ്യമത്തോട് പറഞ്ഞു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരമാണ് 32 കിലോമീറ്റർ ദൈർഘ്യമേറിയ മുണ്ടൂർ-തൂത പാത 20 മീറ്റർ വീതിയിൽ നിർമിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.എം.സി കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തത്.
364 കോടി രൂപയുടെ പദ്ധതിയാണിത്. മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം ,ഷൊർണൂർ നിയമസഭ മണ്ഡല പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. 2022 ജൂണിൽ നവീകരണം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാർ നിഷ്കർഷിച്ചെങ്കിലും കോവിഡ്, തൊഴിലാളി ക്ഷാമം, മഴ ഉൾപ്പെടെ പ്രതികൂല സാഹചര്യം പരിഗണിച്ച് 2024 ഏപ്രിലിനകം റോഡ് പണി പൂർത്തിയാക്കാൻ സർക്കാർ സാവകാശം നൽകി. ഇനി റോഡ് പണി തീർന്നാലും പാതയോട് ചേർന്ന പാത, ഓവ്, ഓവുചാൽ എന്നിവയുടെ ക്രമീകരണം നല്ല രീതിയിൽ ഒരുക്കാൻ സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.