കൊല്ലങ്കോട്: ചോർന്നൊലിക്കുന്ന ഒാലക്കുടിലിൽ രണ്ട് പെൺകുട്ടികളുമായാണ് എം. വിജയകുമാരി കഴിയുന്നത്. കാറ്റടിച്ചാൽ പറന്നുയരുന്ന കുടിൽ മേഞ്ഞിരിക്കുന്ന ഓലകൾ കയർ ഉപയോഗിച്ച് വലിച്ചുകെട്ടിയിരിക്കുന്നു. എം. വിജയകുമാരിയടക്കം മുതലമട ചിറ്റാപൊറ്റ നിവാസികളായ നിരവധി കുടുംബങ്ങൾ ഭവനപദ്ധതികൾക്ക് പുറത്താണ്.
ഭവനപദ്ധതിയിൽ അപേക്ഷ നൽകി അഞ്ച് വർഷമായിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ചിറ്റാപൊറ്റ നിവാസി കൺമണി പറയുന്നു. കൺമണിയുടെ ഭർത്താവ് അസുഖബാധിതനായിട്ട് നാളേറെയായി. ഏതുസമയത്തും നിലംപൊത്താറായ കുടിലിൽ മക്കളോടൊപ്പം ഭീതിയിലാണ് കൺമണിയും ഭർത്താവ് കൃഷ്ണനും താമസിക്കുന്നത്.
പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങി മടുത്ത് ശ്രമമവസാനിപ്പിച്ച കഥയാണ് 69കാരിയായ അമ്മുവിന് പറയാനുള്ളത്. രണ്ട് വർഷങ്ങൾക്കുമുമ്പുണ്ടായ മഴയിൽ തകർന്നതോടെ താമസം ഒാലക്കുടിലിലേക്കായി. കോവിഡ് മൂലം കൂലിപണികൾ പോലും കൃത്യമായി ലഭിക്കാതായതോടെ കുടിലുകളിലെ ഒാല മാറ്റിമേഞ്ഞ് അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് ചിറ്റാപൊറ്റയിലെ കുടുംബങ്ങൾ പറയുന്നു. കുടുംബങ്ങളുടെ ദുരിതം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി വീട് നൽകാൻ ശ്രമം നടത്തുന്നുണ്ടെന്നും പഞ്ചായത്ത് അംഗം ജാസ്മീൻ ഷൈഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.