ദുരിതപർവം താണ്ടി സോനു സുമോദ് വീടണഞ്ഞു; നടുക്കുന്ന ഓർമകളോടെ

കല്ലടിക്കോട്: യുക്രെയ്ൻ യുദ്ധഭൂമിയിൽനിന്ന് നടുക്കുന്ന ഓർമകളോടെ കാരാകുർശ്ശി ആലഞ്ചേരിൽ സുമോദ് മാത്യു-ഷൈനി സുമോദ് ദമ്പതികളുടെ മകൻ സോനു സുമോദ് വീടണഞ്ഞു. സുമോദ് അടക്കം 400ൽ പരം വിദ്യാർഥികളാണ് യുക്രെയ്നിലെ വടക്ക്-പടിഞ്ഞാറ് പ്രവിശ്യയിൽ കുടുങ്ങിക്കിടന്നിരുന്നത്. യുക്രെയ്നിലെ സഫ്രോഷ്യ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് സോനു. യുദ്ധം മുറുകിയ മൂന്ന് നാളുകളിലും കോളജ് ഹോസ്റ്റലിലെ ബങ്കറിലാണ് ഇവർ താമസിച്ചിരുന്നത്.

ഇടവേളകളിൽ ഭക്ഷണം പാകം ചെയ്യാൻ ഹോസ്റ്റലിൽ പോവും. സൈറൺ മുഴങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് ബങ്കറിൽ അഭയം തേടും. വീണ്ടും സമയം കിട്ടിയാൽ പാചകം പൂർത്തിയാക്കിയ അനുഭവവും സോനു പങ്ക് വെക്കുന്നു. പൊടി നിറഞ്ഞ ബങ്കറിൽ ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യമില്ല. ബ്രഡും വെള്ളവും കരുതിയതും തികയാറില്ല. സൗത്ത് വെസ്റ്റ് യുക്രെയ്നിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തെ സാഫ്രോഷ്യ റെയിൽവേ സ്റ്റേഷനിലേക്ക് ബസുകളിലായി 1200 ഇന്ത്യൻ വിദ്യാർഥികൾ പുറപ്പെട്ടത് മൂന്ന് ദിവസം മുമ്പാണ്.

പിന്നീട് രണ്ട് ദിവസം നീണ്ട ട്രെയിൻ യാത്രക്ക് ശേഷം ഹംഗറിയിലെത്തി. ബുഡാപെസ്റ്റിൽനിന്ന് മുംബൈയിലേക്ക് ഒമ്പത് മണിക്കൂർ യാത്ര. തുടർന്ന് വിമാനമാർഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. യുക്രെയ്നിൽ യുദ്ധമാരംഭിച്ച ദിവസം തന്നെ സഫ്രോഷ്യ യൂനിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ജനപ്രതിനിധികൾ മുഖേന എംബസിക്ക് നിവേദനം സമർപ്പിച്ചിരുന്നു.

Tags:    
News Summary - Ukraine crisis issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.