കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശ മേഖലയിൽ ഒരാഴ്ചയായി സ്വൈരവിഹാരം തുടരുന്ന കാട്ടുകൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. തുപ്പനാട് പുഴയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വനാതിർത്തി പ്രദേശമായ തുടിക്കോടാണ് ഞായറാഴ്ച രാത്രി വീണ്ടും കാട്ടാനയെത്തിയത്. കാട്ടാന ശല്യം പ്രതിരോധിക്കാൻ മാർഗങ്ങൾക്കായി യോഗം ചേർന്ന് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോഴാണ് സംഭവം.
ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താൻ തദ്ദേശവാസികളും വനം ദ്രുത പ്രതികരണ സംഘവും രംഗത്തിറങ്ങി. വീട്ടുമുറ്റത്തും തോട്ടങ്ങളിലും കറങ്ങി നടന്ന കാട്ടാന ജനങ്ങളുടെ ഉറക്കം കെടുത്തി. ദീർഘനേരം പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും നടത്തിയ ശ്രമങ്ങൾ വിഫലമായതോടെ ദ്രുത പ്രതികരണസംഘം റബർ ബുള്ളറ്റ് വെടിയുതിർത്താണ് കാട്ടിലേക്ക് തുരത്തിയത്.
കഴിഞ്ഞ ദിവസം മൂന്നേക്കർ, മരുതംകാട്, ചുള്ളിയാംകുളം എന്നിവിടങ്ങളിൽ അരഡസനിലധികം കർഷകരുടെ തെങ്ങ്, കമുക്, വാഴ, റബർ എന്നീ കാർഷിക വിളകൾ കാട്ടാന നശിപ്പിച്ചിരുന്നു. ജനവാസ മേഖലയിൽ സ്വൈരജീവിതത്തിന് ഭീഷണിയായ കാട്ടാനകളിൽ നിന്നും മനുഷ്യരുടെ ജീവനും സ്വത്തിനും സംരംക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജനകീയ പ്രതിരോധ സമിതി രൂപവത്കരിച്ചിരുന്നു. ജനകീയ പ്രതിരോധ സമിതി കലക്ടർക്കും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനം നൽകും. മൂന്നേക്കറിലും പരിസരങ്ങളിലും കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങുന്നത് തുടരുന്ന സാഹചര്യത്തിൽ ദ്രുത പ്രതികരണ സംഘം മൂന്നേക്കറിൽ ക്യാമ്പുചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.