കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശങ്ങളിൽ കാട്ടാനകളുടെ പരാക്രമം തുടരുന്നു. ഞായറാഴ്ച ഉൾക്കാട്ടിൽ നിന്നിറങ്ങിയ കാട്ടാന മൂന്നേക്കറിലും പരിസരങ്ങളിലും ജനവാസ മേഖലയിൽ ഭീതി പരത്തി. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർത്തു. കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പാങ്ങ് ഇളങ്ങോട് പ്രദീപിന്റെ കാറിന്റെ വാതിലുകളും ലൈറ്റുമാണ് തകർത്തത്. ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ കാണുന്നത് ആന കാർ കുത്തിമറിക്കുന്നതാണ്. ബഹളം കൂട്ടിയതോടെ ആന തൊട്ടടുത്ത പുരയിടത്തിലേക്ക് മാറുകയായിരുന്നു.
ഒരാഴ്ചയായി മൂന്നേക്കർ, ചുള്ളിയാംകുളം, കരിമല, മരുതംകാട്, മീൻവല്ലം, തുടിക്കോട് എന്നിവിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. വാഴ, തെങ്ങ്, കമുക്, സുഗന്ധവ്യഞ്ജനങ്ങൾ, റബർ എന്നിവയെല്ലാം നശിപ്പിക്കുന്നത് പതിവാണ്. മലയോര ഗ്രാമങ്ങളിൽ ഭൂരിഭാഗം പേരും കൃഷിയാണ് ഉപജീവനമാർഗമായി ആശ്രയിക്കുന്നത്. കാട്ടാനകൾ ഒറ്റക്കും കൂട്ടായും നശിപ്പിക്കാനെത്തുന്നത് മൂലം കൃഷി നിലനിർത്താൻ പറ്റാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു.
വന്യമൃഗശല്യം തടയാൻ വനപാലകർ സ്ഥാപിച്ച സൗരോർജ തൂക്കുവേലി പലയിടത്തും പ്രവർത്തനരഹിതമായി. വേലി ഇല്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടും പ്രാവർത്തികമായിട്ടില്ല. മാസങ്ങൾക്ക് മുമ്പ് മൂന്നേക്കർ സ്വദേശികളായ സഞ്ജു, ജോഷി എന്നിവർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കരിമ്പ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച്. ജാഫർ, കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.ജി. വത്സൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. അക്രമകാരിയായ കാട്ടാനയെ പിടികൂടണമെന്ന് കേരള കർഷക സംഘം കരിമ്പ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.