പാലക്കാട്: വൈദ്യുതി കണക്ഷന് ഒറ്റയടിക്ക് നിരക്ക് കുത്തനെ കൂട്ടാനുള്ള കെ.എസ്.ഇ.ബി ശിപാർശയിൽ വൈദ്യുതി റെഗുലേറ്ററി കമീഷന്റെ പൊതു തെളിവെടുപ്പ് ജൂലൈ 18ന് തിരുവനന്തപുരത്ത് നടക്കാനിരിക്കേ ഉപഭോക്താക്കളുടെ വൻ പ്രതിഷേധം ഉയരുന്നു. കാലാനുസൃതമായ വർധനയാണിതെന്ന് കെ.എസ്.ഇ.ബി ആവർത്തിക്കുമ്പോഴും സേവന നിരക്കിൽ വൻ വർധന നിശ്ചയിച്ചതിലെ അപാകതയും അശാസ്ത്രീയതയുമാണ് പരാതിക്കിടയാക്കുന്നത്.
കെ.എസ്.ഇ.ബി ആവശ്യപ്പെട്ട വർധനയനുസരിച്ച് 1740 രൂപ ഉണ്ടായിരുന്ന സിംഗ്ൾ ഫേസ് കണക്ഷന് ഇനി ഉപഭോക്താവിന് നൽകേണ്ടിവരുക 2983 രൂപയാണ്. ഇതിൽ സർവിസ് വയർ, വലിച്ചുകെട്ടേണ്ട കമ്പി എന്നിവക്കു പുറമെ പണിക്കൂലി ഇനത്തിൽ 1991 രൂപ കാണിച്ചിരിക്കുന്നു.
നേരത്തേ 1076 രൂപ ആയിരുന്നിടത്താണ് പണിക്കൂലി കുത്തനെ കൂട്ടിയത്. കൂടാതെ അപകടങ്ങൾ കാരണം ഉപയോഗിക്കാൻ ജീവനക്കാർ മടിക്കുന്ന ജി.ഐ കമ്പിയുടെ വിലയായി 283 രൂപയും കെ.എസ്.ഇ.ബി രേഖയിലുണ്ട്. പുതിയ വൈദ്യുതി കണക്ഷനിൽ ജി.ഐ കമ്പി ഉപയോഗിക്കാതെ പലരും ബലം കൂടിയ പ്ലാസ്റ്റിക് സപ്പോർട്ട് വയറുകൾ വാങ്ങിപ്പിച്ച് ഉപയോഗിക്കാറാണ് പതിവ്. ഇവ എസ്റ്റിമേറ്റുകളിൽ ഉൾക്കൊള്ളിച്ചാൽ സുരക്ഷയും വിലക്കുറവും ഉണ്ടാവുമെന്നതിന് പുറമെ ലൈൻമാൻമാരുടെ ജോലിഭാരവും കുറയും.
കൂടാതെ 10 കിലോവാട്ട് മുതൽ 25 കിലോവാട്ട് വരെയുള്ള ത്രീ ഫേസ് കണക്ഷൻ ചാർജിൽ ശിപാർശ ചെയ്ത നിരക്ക് 17,978 രൂപ ആണ്. ഇത്തരം പ്രവൃത്തികളിൽ ഉപയോഗിക്കുന്ന 50 സ്ക്വയർ മില്ലി മീറ്റർ കേബ്ൾ വില 10,240 രൂപയാണെന്ന് കെ.എസ്.ഇ.ബി കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇത്തരം കേബിളുകൾ ഉപയോഗിക്കാതായിട്ട് കാലങ്ങളായി. പകരം ഭൂരിഭാഗം കണക്ഷനുകൾക്കും ഉപഭോക്താവിനെക്കൊണ്ട് പുറത്തുനിന്ന് എ.ബി.സി കേബിളുകൾ വാങ്ങിപ്പിച്ച് ഉപയോഗിക്കാറാണ് പതിവ്.
ഇത്തരം കേബിളുകൾ ആവശ്യത്തിന് സെക്ഷൻ ഓഫിസുകളിൽ ലഭ്യമാക്കുന്നതിന് പകരം ഉപയോഗിക്കാത്ത 50 സ്ക്വയർ മില്ലി മീറ്റർ കേബിളുകൾ വിവിധ സ്റ്റോറുകളിൽ കൂട്ടിയിടുകയാണ്. കണക്ഷൻ കിട്ടാൻ മുഴുവൻ തുകയും കെ.എസ്.ഇ.ബിയിൽ അടച്ചിട്ടും കേബ്ൾ വാങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുകയാണെന്നാണ് ഉപഭോക്താക്കളുടെ പരാതി. കൂടുതൽ വൈദ്യുതി ഉപഭോഗമുള്ള കെട്ടിടങ്ങളിൽ 25 കിലോവാട്ടിന് മുകളിലുള്ള കണക്ഷനുകൾക്കും സമാന അവസ്ഥയാണ്.
സർവിസ് കണക്ഷൻ ചാർജായി കെ.എസ്.ഇ.ബി ഈടാക്കുന്നത് ചെലവ് വരുന്നതിനെക്കാൾ വളരെ കൂടിയ തുക ആണെന്നും വൈദ്യുതി നിയമം -2003ന്റെ വ്യവസ്ഥകളുടെ ലംഘനം ആണെന്നും ഉപഭോക്താക്കൾ കുറ്റപ്പെടുത്തുന്നു.
അതേസമയം, അഞ്ചു വര്‍ഷത്തിനുശേഷമാണ് കാലാനുസൃതമായ വർധന ആവശ്യപ്പെട്ടതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ ന്യായം. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനക്ക് ആനുപാതികമാണിതെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.