മങ്കര: ഗ്രാമപഞ്ചായത്തിൽ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി ട്രയൽ റൺ തുടങ്ങി. 24 കോടി രൂപ ചെലവിൽ പൂർത്തിയാവുന്ന പദ്ധതിയിൽ പഞ്ചായത്തിലെ 3700 കുടുംബങ്ങൾ ഗുണഭോക്താക്കളാവും. 2500 കുടുംബങ്ങൾക്ക് ഇതിനകം കണക്ഷൻ നൽകിയതായി വാട്ടർ അതോറിറ്റി എ.ഇ കിരൺ അറിയിച്ചു. കല്ലൂർ, കോട്ടായി, റോഡുകൾ കീറാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ബാക്കി കണക്ഷൻ നൽകും.
വെട്ടിപ്പൊളിച്ച റോഡുകളുടെ പുനഃസ്ഥാപനത്തിനായി 5.30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ പൈപ്പ് ലൈൻ പൂർത്തീകരിച്ച ഭാഗങ്ങളിൽ ട്രയൽ റൺ നടക്കുകയാണ്. മാർച്ചിന് മുമ്പ് തന്നെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം നൽകാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് അറിയിച്ചു. വീട്ടുകണക്ഷൻ ആവശ്യമുള്ളവർ ഫെബ്രുവരി 29നകം പഞ്ചായത്തിൽ അപേക്ഷ നൽകണം.
പദ്ധതിയുമായി ബന്ധപ്പെട്ട് മങ്കര ഗ്രാമപഞ്ചായത്ത് വിളിച്ച ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗം പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.ആർ. ശശി, പി. രാജൻ, എം.കെ. വാസുദേവൻ, എ.ഇ. കിരൺ, കരാറുകരാൻ റോയി, പഞ്ചായത്ത് സെക്രട്ടറി കൊച്ചു നാരായണി, പഞ്ചായത്തംഗം ഇ.പി. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.