മങ്കര: മങ്കര-കാളികാവ് മേൽപാലത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും തുടർനടപടികളൊന്നുമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾക്ക് തൊട്ടുമുന്നിലുള്ള സമയത്തായിരുന്നു റെയിൽവേയുടെ ധൃതിപിടിച്ചുള്ള ഉദ്ഘാടനം.
എന്നാൽ ചടങ്ങിൽ ജനപ്രതിനിധികളുടെ പങ്കാളിത്വം വളരെ കുറവായിരുന്നു. സ്ഥലം എം.എൽ.എയും മങ്കര പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവും മാത്രമാണ് പങ്കെടുത്തത്. ചടങ്ങ് കടലാസിലൊതുങ്ങാതെ പ്രവർത്തികൾ ഉടൻ തുടങ്ങണമെന്നും റെയിൽവേ അധികാരികളോട് എം.എൽ.എ ശാന്തകുമാരി അന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സ്ഥല ഉടമകളുമായുള്ള ചർച്ചകൾ പൂർത്തീകരിക്കുകയോ സ്ഥലം വിട്ടുകിട്ടുകയോ അതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയായിരുന്നു അന്ന് പ്രവർത്തനോദ്ഘാടനം നടത്തിയത്. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയതന്ത്രമാണന്നു വരെ പൊതുപ്രവർത്തകർ അന്ന് ആരോപിച്ചിരുന്നു.
രണ്ട് മാസത്തിലേറെ കഴിഞ്ഞിട്ടും റെയിൽവേ മേൽപാലത്തിനുള്ള ഒരുനടപടിയും ആരംഭിച്ചിട്ടില്ല. നിലവിൽ മങ്കര കാളികാവ് റെയിൽവേ ഗേറ്റിൽ വാഹന യാത്രക്കാർ ദുരിതം പേറുകയാണ്. ഗേറ്റടച്ചാൽ 10 മിനിട്ടിലേറെ വാഹനങ്ങൾ കുരുങ്ങാറുണ്ടന്ന് വാഹനയാത്രക്കാർ പറയുന്നു. പ്രവർത്തികൾ ഉദ്ഘാടനത്തിലൊതുങ്ങാതെ തുടർനടപടികൾ റെയിൽവെ അധികൃതരിൽനിന്നും ഉണ്ടാകണമെന്നാണ് ജനകീയ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.