മങ്കര: എട്ടുവർഷം മുമ്പ് തരംതാഴ്ത്തപ്പെട്ട മങ്കര റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നു. റെയിൽവേയുടെ സൗന്ദര്യവത്കരണ ഭാഗമായാണ് നവീകരണം ദ്രുതഗതിയിൽ നടത്തുന്നത്. വർഷങ്ങളായി കാടുമൂടി വൃത്തിഹീനമായി കിടന്ന സ്റ്റേഷനാണ് നവീകരണ പാതയിലുള്ളത്.
കാടുമൂടിയ രണ്ടാം നമ്പർ പ്ലാറ്റ്ഫോം കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോം വീതി കൂട്ടി ഒരാൾ പൊക്കത്തിൽ മതിൽ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. സ്റ്റേഷനിലേക്കുള്ള അനുബന്ധ റോഡ് കാലങ്ങളായി തകർച്ചയിലായിരുന്നു. വാഹനങ്ങൾ വരാൻ മടിക്കുന്ന അവസ്ഥയിലായിരുന്നു. 200 മീറ്റർ വരുന്ന റോഡും നവീകരിക്കും. കൂടാതെ റോഡിനരികിലൂടെയുള്ള അഴുക്കുചാൽ നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. യാത്രക്കാർ കുറവാണെന്ന കാരണത്താൽ ഏഴു വർഷം മുമ്പ് മങ്കര റെയിൽവേ സ്റ്റേഷൻ തരം താഴ്ത്തപെട്ടിരുന്നു. സ്റ്റേഷൻ ഓഫിസ് പൂട്ടി ജീവനക്കാരെയെല്ലാം സ്ഥലം മാറ്റിയതോടെയാണ് മങ്കര റെയിൽവേ സ്റ്റേഷൻ നശാന്മുഖമായത്.
ടിക്കറ്റ് വിൽപനക്ക് മാത്രമായി കരാറുകാരനെ ഏൽപ്പിച്ചിരുന്നു. നിലവിൽ ആറോളം ട്രെയിനുകൾ ഇവിടെ നിർത്തുന്നുണ്ട്. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരുടെ തിരക്കും രാവിലെ ഉണ്ടാകാറുണ്ട്. സ്റ്റേഷൻ സൗന്ദര്യവത്കരിക്കുന്നതോടെ യാത്രക്കാരും വർധിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറടക്കം ഒരുക്കി പഴയത് പോലെ പ്രവർത്തിപ്പിക്കണമെന്നും നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുമെന്നും പൊതുപ്രവർത്തകൻ ശംസുദീൻ മങ്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.