മങ്കര: അഞ്ചുവർഷത്തിലേറെയായി ചണ്ടിയും ചേറും നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്ന കുളം നാട്ടുകാരുടെ കൂട്ടായ്മയിൽ ശുചീകരിക്കുന്നു. കല്ലൂർ നടുവിൽമഠം ദേവസ്വത്തിന്റെ ഒന്നര ഏക്കർ വിസ്തൃതിയിലുള്ള കല്ലൂർ പഴങ്ങോട്ട് കുളമാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ ശുചീകരിക്കുന്നത്. 70 വർഷത്തിലേറെ പഴക്കമുള്ള കുളമാണിത്. അഞ്ചു വർഷം മുമ്പ് വരെ ആയിരക്കണക്കിനാളുകൾ കുളിക്കാനും അലക്കാനുമായി കുളത്തെ ആശ്രയിച്ചിരുന്നു.
ദേവസ്വത്തിന് വേണ്ടത്ര ഫണ്ടില്ലാത്തതിനാലാണ് ഇതുവരെ ശുചീകണം മുടങ്ങിയത്. വേനലിൽ ജലക്ഷാമം രൂക്ഷമായതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. മങ്കര, കല്ലൂർ, കണ്ണംബരിയാരം കേരളശേരി എന്നിവിടങ്ങളിലെ ആയിരത്തോളം കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഈ കുളം. വേനലിലും വറ്റാത്ത കുളമാണിത്. ശുചീകരിക്കാൻ ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നാട്ടുകാരുടെ സഹായം ഉണ്ടാകണമെന്നും ശുചീകരണത്തിന് നേതൃത്വം നൽകുന്ന അഡ്വ. വി.വി. ശിവരാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിൽ മണ്ണുമാന്തി ഉപയോഗിച്ച് ചളി കലക്കി പുറത്തേക്ക് തള്ളുകയാണ്. രണ്ടോ മൂന്നോ ദിവസത്തിനകം ശുചീകരണം പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.