മണ്ണാര്‍ക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ നീളുന്ന ദേശീയ പാതയുടെ ഇരുവശത്തും കാമറകള്‍ സ്ഥാപിക്കാൻ തീരുമാനം. 63 കാമറകളാണ് വരുന്നത്. ഇതില്‍ രണ്ടെണ്ണം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ളതാണ്. ലിങ്ക് റോഡുകളില്‍നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഇടങ്ങളിലുള്‍പ്പടെ ക്യാമറകള്‍ സ്ഥാപിക്കും. 65 ലക്ഷമാണ് പദ്ധതിയുടെ ചെലവ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തുകയും മറ്റും പൊതുമരാമത്ത് വകുപ്പിന്റെ പാലക്കാട്ടെ ഇലക്ട്രോണിക്സ് വിഭാഗത്തിന് കൈമാറിയതായി നഗരസഭാധികൃതർ അറിയിച്ചു. ദേശീയപാത വികസനം പൂര്‍ത്തിയായതോടെ പാലക്കാട്-കോഴിക്കോട് ദേശീയപാത കടന്നുപോകുന്ന മണ്ണാര്‍ക്കാടിന്റെ മുഖച്ഛായതന്നെ മാറുകയാണ്. മണ്ണാര്‍ക്കാടിനെ കൂടുതല്‍ സുന്ദരമാക്കുന്നതിന്റെ ഭാഗമായുള്ള സൗന്ദര്യവത്കരണ പദ്ധതികളും അധികൃതര്‍ നടപ്പിലാക്കുകയാണ്.
ശുചിത്വ സുന്ദര നഗരമെന്ന കാഴ്ചപ്പാടോടെയാണ് പദ്ധതികള്‍ നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. റോഡിന്റെ പലയിടങ്ങളിലും അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. കാമറകൾ സ്ഥാപിക്കുന്നതോടെ അലക്ഷ്യമായി മാലിന്യം സ്ഥാപിക്കുന്നതിനും തടയിടാനാകുമെന്നാണ് കരുതുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്നിരുന്ന ഗതാഗത ഉപദേശക സമിതി യോഗത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരുന്നു. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത് വഴി പോലീസിനും ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. കുറ്റകൃത്യങ്ങൾ തടയിടാനും ഒരുപരിധിവരെ സഹായകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.