മണ്ണാര്‍ക്കാട്: തെരുവുനായ് ശല്യത്തിന് പരിഹാരം കാണാൻ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ തച്ചമ്പാറയില്‍ എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രോഗ്രാം) കേന്ദ്രം നിര്‍മിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ ചെയര്മാന്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പരിധിയിലെ അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തച്ചനാട്ടുകര, തെങ്കര, തച്ചമ്പാറ, കരിമ്പ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളുടേയും മണ്ണാര്‍ക്കാട് നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയുമാണ് കേന്ദ്രം സ്ഥാപിക്കുക.
70 ലക്ഷം രൂപയാണ് ചെലവ്. ഈ മാസം 17ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്നതോടെ കരാര്‍ വച്ച് പ്രവര്‍ത്തനങ്ങളാരംഭിക്കും. സ്ഥലം നല്കിയ തച്ചമ്പാറ ഒഴികെ ഏഴ് പഞ്ചായത്തുകള്‍ മൂന്ന് ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷവും മണ്ണാര്‍ക്കാട് നഗരസഭ അഞ്ച് ലക്ഷവും അനുവദിക്കും. ബാക്കി തുക ജില്ല പഞ്ചായത്ത് നല്‍കും. തെരുവുനായ എണ്ണം നിയന്ത്രിക്കുക, പേവിഷ ഉന്മൂലനം തുടങ്ങിയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് തലത്തില്‍ എ.ബി.സി കേന്ദ്രം ആരംഭിക്കാനാണ് നിര്‍ദേശം. 2015-16 കാലഘട്ടത്തില്‍ ജില്ലയില്‍ പദ്ധതിയാരംഭിച്ചപ്പോള്‍ മണ്ണാര്‍ക്കാട് താലൂക്കിനും എ.ബി.സി കേന്ദ്രം അനുവദിച്ചിരുന്നു.
എന്നാല്‍ സ്ഥലം ലഭ്യമാകാതിരുന്നതിനാല്‍ നടന്നില്ല. തച്ചമ്പാറ പഞ്ചായത്ത് സ്ഥലം നല്‍കിയതോടെ എട്ട് വര്‍ഷം നീണ്ട പ്രതിസന്ധിക്കാണ് പരിഹാരമായത്. മണ്ണാര്‍ക്കാട് നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലെല്ലാം തെരുവുനായശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കോട്ടോപ്പാടത്ത് സ്കൂളില്‍ ക്ലാസ് മുറിയില്‍ കയറി വിദ്യാര്‍ഥിനിയേയും റോഡില്‍ നാലുപേരെയും തെരുവുനായ ആക്രമിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.ലക്ഷ്മിക്കുട്ടി, ജസീന അക്കര, സജ്ന സത്താര്‍, വൈസ് പ്രസിഡന്റുമാരായ കെ.കോമളകുമാരി, സിദ്ദീഖ് ചേപ്പോടന്‍, ആയിഷാബി ആറാട്ടുതൊടി, ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിജി ടോമി, ഭരണസമിതി അംഗങ്ങളായ മുസ്തഫ വറോടന്‍, പി.വി.കുര്യന്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഉനൈസ്, കെ.റംലത്ത്, എം.ജിഷ, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.ജയകുമാര്‍, തെങ്കര പഞ്ചായത്ത് സെക്രട്ടറി ശിവപ്രകാശന്‍, തച്ചമ്പാറ പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് ആദര്‍ശ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് എ.എക്സ്.ഇ. രാജേഷ്, എ.ഇ. റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു. ബി.ഡി.ഒ. അജിത്കുമാരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.