മണ്ണാര്‍ക്കാട്: ആഫ്രിക്കന്‍ ഒച്ചുകളുടെ വർധന ആശങ്ക സൃഷ്ടിക്കുന്നു. കുന്തിപ്പുഴപ്പാലം പരിസരം മുതല്‍ നെല്ലിപ്പുഴ വരെയുള്ള ഭാഗങ്ങളില്‍ ഇവയുടെ സാനിധ്യമുണ്ട്. വീടുകളിലും കൃഷിയിടങ്ങളിലുമെല്ലാം ഇവ പെരുകുകയാണ്. വിദ്യാലയങ്ങളിലും ഇവ പ്രശ്നമാകുന്നു.
മണ്ണാർക്കാട് നഗരസഭയുടെ മിക്ക പ്രദേശങ്ങളിലും ശല്യം രൂക്ഷമാണ്. പുഴയോരങ്ങളിലെ പുല്ലുകള്‍ക്കിടയില്‍ പറ്റിപിടിച്ച് കിടക്കുന്നതിനാല്‍ കുളിക്കാനും അലക്കാനുമായി പുഴയിലേക്ക് എത്തുന്നവര്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു. സാധാരണ ഒച്ചുകളില്‍നിന്ന് വ്യത്യസ്തമായി വലിപ്പമേറിയവയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. ഇവ ശരീരത്തില്‍ തട്ടിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു.
പച്ചപ്പും ജലാംശവും കൂടുതലുള്ള പ്രദേശത്താണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഒരുവര്‍ഷം മുമ്പാണ് കുന്തിപ്പുഴ പാലം, തീരത്തോട് ചേര്‍ന്ന തോട്ടങ്ങള്‍, വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസ്, പെരിമ്പടാരി ജി.എം.എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ ഇവയെ കാണപ്പെട്ടത്. പ്രദേശവാസികള്‍ക്ക് ശല്യമായതോടെ നഗരസഭയിലെ ആരോഗ്യവിഭാഗം ഇവയെ നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടികളും തുടങ്ങി. ഒരാഴ്ച മുമ്പ് കുന്തിപ്പുഴ പാലത്തിനു സമീപമുള്ള ജനവാസമേഖലകളില്‍ ഒച്ചുകള്‍ കൂട്ടത്തോടെ പറ്റിപ്പിടിച്ചുകിടക്കുന്നിടത്ത് ഉപ്പുവിതറി ഇവയെ നശിപ്പിച്ചിരുന്നു.
സമീപത്തെ വിദ്യാലയ പരിസരത്തേയും തോട്ടങ്ങളിലും ഉപ്പുവിതറി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ആര്. ഷിബു പറഞ്ഞു. അതേസമയം ഒച്ചുകളെ പൂര്‍ണമായും നീക്കണമെങ്കില്‍ അതത് പ്രദേശങ്ങളിലുള്ളവരുടെയും സേവനവും പിന്തുണയും ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിന്റെ ഭാഗമായി വാര്‍ഡുതല ശുചിത്വ കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഉപ്പുവിതറുകയും പുകയില, തുരിശ് മിശ്രിതം തളിക്കുകയും ചെയ്താല്‍ ഒച്ചുകളെ മുഴുവനായി നിര്‍മാര്‍ജനം ചെയ്യാനാവുമെന്ന് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡി.ആര്. ബിജു പറഞ്ഞു.
മൂന്നുമാസം കൂടുമ്പോള്‍ ഈ പ്രക്രിയ തുടര്‍ച്ചയായി നടത്തേണ്ടതുമുണ്ട്. വലിയ കൃഷിനാശം വരുത്തുന്നതും ഇവയുടെ പ്രത്യേകതയാണ്. ഇതിനാല്‍ തോട്ടങ്ങളിലും മറ്റും സാധാരണ പമ്പ് ഉപയോഗിച്ച് ലായനി തളിക്കുന്നത് കാര്യക്ഷമമല്ലാത്തതിനാല്‍ പ്രത്യേകതരം പമ്പ് ഇതിനായി വാങ്ങുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതെങ്കിലും വാര്‍ഡുകളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ഉടനെ നഗരസഭയില്‍ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.