മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ ആനമൂളിയിലെ വിണ്ടുകീറിയ മലയുടെ ഭാഗം അപകടഭീഷണിയുള്ള പ്രദേശമാണെന്ന് റിപ്പോർട്ട്. 2019ലാണ് ആനമൂളിയില്‍ മല വിണ്ടുകീറല്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തിയ പരിശോധനയില്‍ പ്രദേശം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ‘മോഡറേറ്റ് ഹസാര്‍ഡ്’ മേഖലയില്‍ ഉള്‍പ്പെട്ടതെന്നാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞദിവസമാണ് താലൂക്ക് അധികൃതര്‍ക്ക് ലഭിച്ചത്. ഇത് തെങ്കര പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.
45 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് സ്വാഭാവിക നീരൊഴുക്ക് ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ടെന്നും ജിയോളജി വകുപ്പ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയിലെ വിള്ളലുകളുടെ ചരിവ്, പാറയുടെ സ്വഭാവം, മണ്ണിന്റെയും ശിലകളുടെയും ഘടന, അതിവൃഷ്ടി എന്നിവ കണക്കിലെടുത്താണ് ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെ തരംതിരിക്കുന്നത്. ഇതില്‍ ‘മോഡറേറ്റ് ഹസാര്‍ഡ്’ സോണ്‍ ആണ് ഇവിടം. മല വിണ്ടുകീറി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും തുടര്‍പരിശോധനകളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധീകരിച്ചിട്ടില്ലാത്തത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരുന്നു. ആദിവാസികളുള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങളും ഈ ഭാഗത്തു താമസിക്കുന്നുണ്ട്.
ഓരോ മഴക്കാലവും ഇവിടെയുള്ള ആളുകള്‍ ഭീതിയോടെയാണ് തള്ളിനീക്കുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ മലകയറിയ ആദിവാസികളാണ് മലഞ്ചെരുവില്‍ പാറകള്‍ക്കിടയില്‍ നീളത്തിലുള്ള വിള്ളല്‍ കണ്ടത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എന്‍. ഷംസുദ്ദീന്റെ ഇടപെടലിനെ തുടര്‍ന്ന് ജില്ല ജിയോളജി ഉദ്യോഗസ്ഥന് ഡോ. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി എം.എല്‍.എയുടെ സാന്നിധ്യത്തില്‍ അന്ന് പരിശോധന നടത്തി. ഒന്നരകിലോമീറ്ററോളം ദൂരത്തില്‍ 30 സെന്റി മീറ്റര്‍ വീതിയിലാണ് ഇവിടെ മലഞ്ചെരിവ് വിണ്ടുകീറിയിരുന്നത്. വിദഗ്ധസംഘം ഇതു സ്ഥിരീകരിക്കുകയും അപകടഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണെന്ന് പറയുകയും ചെയ്തിരുന്നു. അതേസമയം ഔദ്യോഗിക പരിശോധന റിപ്പോര്‍ട്ടുകള്‍ ഇത്രയും വര്‍ഷമായിട്ടും പുറത്തുവിട്ടിരുന്നില്ല. ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ മറ്റോ ഉണ്ടായാല്‍ എവിടെയെല്ലാം ബാധിക്കുമെന്നും അതിനുമുമ്പ്, എന്തെല്ലാം തുടര്‍നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍മാത്രമേ അറിയാന്‍ കഴിയുമായിരുന്നുള്ളു.
മലവിണ്ടുകീറിയ ഭാഗം ഇപ്പോള്‍ ഏതു സ്ഥിതിയിലാണെന്നും ആളുകള്‍ക്കും അധികൃതര്‍ക്കും അറിയില്ല. വിടവുകള്‍ നികന്നുപോയിട്ടുണ്ടോ വിള്ളലുകള്‍ വര്‍ധിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാനായി ബന്ധപ്പെട്ട അധികൃതരും പിന്നീടെത്തിയിട്ടില്ല. അപകടഭീഷണിയുള്ള പ്രദേശത്ത് തുടര്‍നടപടികളെടുക്കാൻ ജില്ല ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിക്കാണ് അധികാരം. കലക്ടര്‍, ഡി.എം.ഒ, പൊലീസ് മേധാവി, ജിയോളജി മേധാവി എന്നിവരടങ്ങിയതാണ് ഈ കമ്മിറ്റി. ഒരു നിശ്ചിതസമയം ശക്തമായി മഴ പെയ്യുന്നതും വെള്ളം കെട്ടിനില്‍ക്കുന്നതും ഇത്തരം പ്രദേശങ്ങളില്‍ അപകടസാഹചര്യം വര്‍ധിപ്പിക്കുന്നതാണെന്ന് ജില്ല ജിയോളജി വിഭാഗം മേധാവി എം.വി. വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.