മണ്ണാര്‍ക്കാട്: കനാൽ വെള്ളമെത്താൻ കാല താമസമെടുക്കുന്നതോടെ തെങ്കര പഞ്ചായത്തിലെ നെല്‍കൃഷി ഉണക്ക് ഭീഷണിയില്‍. മേലാമുറി, കുന്നത്തുകളം, കൈതച്ചിറ, മണലടി തുടങ്ങിയ പാടശേഖരങ്ങളിലെ മുപ്പതേക്കറിലുള്ള നെല്‍കൃഷിയാണ് പ്രതിസന്ധി നേരിടുന്നത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്ന് വലതുകര കനാല്‍ വഴി വെള്ളമെത്താന്‍ കാലതാമസമെടുക്കുന്നതാണ് ഇതിന് കാരണം. താലൂക്കിലെ നെല്ലറയാണ് തെങ്കര പഞ്ചായത്ത്. വലതുകര കനാലിന്റെ വാലറ്റ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ മുണ്ടകന്‍ കൃഷി നടത്തുന്നത് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നുള്ള വെള്ളം പ്രതീക്ഷിച്ചാണ്.
കാലാവസ്ഥ വ്യതിയാനമടക്കമുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് പതിവ് പോലെ ഇത്തവണയും കര്‍ഷകര്‍ നെല്‍കൃഷി ഇറക്കിയത്. പൊന്മണി വിത്താണ് വിതച്ചത്. നെല്ല് കതിരണിഞ്ഞ് കഴിഞ്ഞു. അരിയുറക്കുന്ന സമയമാണ്. ഈ ഘട്ടത്തില്‍ വെള്ളം അത്യാവശ്യമാണ്. എന്നാല്‍ പാടം വീണ്ട് കിറുന്ന നിലയിലാണ്. ഡിസംബര്‍ രണ്ടാം വാരത്തോടെ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്ന് വിടുമെന്നാണ് കെ.പി.ഐ.പി അധികൃതര്‍ അറിയിച്ചിരുന്നത്.
കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി ചേര്‍ന്ന യോഗങ്ങളില്‍ വെള്ളം തുറന്ന് വിടുന്ന കലണ്ടറടക്കം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ വെള്ളം തുറന്ന് വിടാന്‍ നടപടിയുണ്ടായില്ലെന്ന് കര്‍ഷകനായ രാധാകൃഷ്ണന് പറഞ്ഞു. അതേസമയം, ചിറയ്ക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി വര്‍മംകോട് കനാലിന് കുറുകെ പാലം നിര്‍മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ജലവിതരണം നീട്ടിവെക്കാനിടയായതെന്നാണ് വിവരം. ഡാമില്‍നിന്ന് വെള്ളം ചേര്‍ന്ന് കനാലിലേക്കെത്തുന്നത് പാലം പണിയെ ബാധിക്കുന്നുണ്ടായിരുന്നു.
ഇതേതുടര്‍ന്ന് ബണ്ട് കെട്ടി വെള്ളത്തെ പ്രതിരോധിച്ചാണ് പാലം പണി നടത്തുന്നത്. ജലവിതരണം ആരംഭിക്കുന്നതിനായി ബണ്ട് പൊളിച്ച് നീക്കാന്‍ നിര്‍മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയതായി കെ.പി.ഐ.പി അധികൃതര്‍ അറിയിച്ചു. എന്നാൽ, വലതുകര കനാല്‍വഴിയുള്ള ജലവിതരണം ഒരാഴ്ച വൈകുമെന്നാണ് വിവരം. മറ്റ് വഴിയില്ലാതായതോടെ കുഴൽ കിണറിൽ നിന്നാണ് കർഷകർ വെള്ളമെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.