മണ്ണാര്‍ക്കാട്: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ എച്ച്.ടി ഏരിയല്‍ ബഞ്ച് കേബിള്‍ (എ.ബി.സി) സ്ഥാപിക്കുന്ന പ്രവൃത്തികള്‍ കെ.എസ്.ഇ.ബി ആരംഭിച്ചു. തൂണുകള്‍ സ്ഥാപിക്കലും ലൈന്‍ മാറ്റുന്നതുമടക്കം അനുബന്ധ ജോലികളാണ് തുടങ്ങിയത്. തിങ്കളാഴ്ച നെല്ലിപ്പുഴ, ആണ്ടിപ്പാടം, കെ.ടി.എം സ്കൂള്‍ പരിസരം, രജിസ്ട്രാര്‍ ഓഫിസ് പരിസരം എന്നിവിടങ്ങളില്‍ 28 പേരടങ്ങുന്ന നാല് സംഘങ്ങള്‍ ഇത്തരം ജോലികളിലേര്‍പ്പെട്ടു.
എച്ച്.ടി ലൈനിലെ അറ്റകുറ്റപണികള്‍ക്കായി വൈദ്യുതി വിതരണം നിയന്ത്രിച്ച സാഹചര്യം കേബിള്‍ സ്ഥാപിക്കുന്ന ജോലികള്‍ക്കായി കൂടി മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതര്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. ഘട്ടംഘട്ടമായാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുക. ഇതോടെ നഗരപരിധിയിലെ 43 ട്രാന്‍സ്ഫോമറുകളും എ.ബി.സിയുടെ കീഴില്‍ വരും. തൂണുകള്‍ സ്ഥാപിച്ചുകഴിഞ്ഞ് കേബിൾ വലിച്ചുതുടങ്ങും. ആദ്യം സബ് സ്റ്റേഷനില്‍നിന്ന് നെല്ലിപ്പുഴ വരെയാണ് കേബിള്‍ സ്ഥാപിക്കുക. ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി മാത്രമേ തുടര്‍ദിവസങ്ങളില്‍ പ്രവൃത്തികള്‍ നടത്തുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് 110 കെ.വി സബ്സ്റ്റേഷനില്‍നിന്ന് കുന്തിപ്പുഴ വരെ മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് കേബിള്‍ സ്ഥാപിക്കുന്നത്. നിലവിലുള്ളവക്ക് പുറമെ പുതിയ തൂണുകളും സ്ഥാപിക്കുന്നുണ്ട്. ലൈനുകള്‍ക്ക് മുകളില്‍ മരക്കൊമ്പുകളും മറ്റും വീഴുന്നതുമൂലമുള്ള വൈദ്യുതി തടസ്സം ഒഴിവാക്കാനും വൈദ്യുതി ലൈനില്‍നിന്നുള്ള അപകടങ്ങൾ കുറക്കാനും ഇതിലൂടെ സാധിക്കും. എ.ബി കേബിള്‍ കൂടാതെ കവേഡ് കണ്ടക്ടര്‍ സംവിധാനവും 12 കിലോമീറ്ററോളം ദൂരത്തില്‍ സ്ഥാപിക്കുന്നുണ്ട്. നവംബറോടെ ഈ പ്രവൃത്തികള്‍ ആരംഭിക്കുമെന്നാണ് അധികൃതരില്‍നിന്ന് ലഭ്യമാകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.