മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുളപ്പാടം എസ്റ്റേറ്റ് പരിസരത്ത് മാലിന്യം തള്ളൽ വ്യാപകമായി. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാണ് ആവശ്യം. കോഴി മാലിന്യം ഉള്‍പ്പടെ കൊണ്ട് തള്ളുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ദുരിതമാണ്. വട്ടമ്പലത്ത് നിന്നും തോട്ടരയിലേക്കുള്ള പാതയോരത്താണ് മാലിന്യം കൊണ്ടിടുന്നത്. ഇരുവശത്തും തോട്ടങ്ങളും വിജനവുമായ സ്ഥലമായതിനാല്‍ ഇത് ജനശ്രദ്ധയില്പ്പെടാറില്ല.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഇവിടെ കോഴിമാലിന്യം തള്ളിയിരുന്നു. അസ്സഹനീയമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ വഴിനടക്കാന്‍ പോലും പ്രയാസമായി. സ്കൂള്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയാണിത്. മാത്രമല്ല, തെരുവുനായയുടേയും കാട്ടുപന്നിയുടേയുമെല്ലാം ശല്യം പ്രദേശത്ത് രൂക്ഷമാണ്. ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് ഇവ ഏറെ ഭീഷണിയാകുന്നത്. മുമ്പ് റോഡിന്റെ രണ്ടിടങ്ങളിലായി മാലിന്യം തള്ളുന്ന പ്രവണതയുണ്ടായിരുന്നു.
ഇടക്കാലത്ത് ഇതിന് അയവുവന്നെങ്കിലും വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നടപടിയാവശ്യപ്പെട്ട് കുളപ്പാടം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഭാരവാഹികള്‍ ഗ്രാമപഞ്ചായത്തില്‍ പരാതി നല്കി. മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. ഷെമീര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.