representational image

മണ്ണാർക്കാട്ട് ഒരാൾക്ക് കൂടി തെരുവുനായുടെ കടിയേറ്റു; പ്രതിഷേധം ശക്തം

മണ്ണാർക്കാട്: വിവിധ മേഖലകളിൽ പേപ്പട്ടി ആക്രമണം ഉണ്ടാവുകയും തെരുവുനായ് ശല്യം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ നഗരസഭ നടപടി ശക്തമാക്കണമെന്നാവശ്യം. പ്രദേശത്ത് ഒരാൾക്ക് കൂടി തെരുവുനായുടെ കടിയേറ്റു. പെരിമ്പടാരി ഗോവിന്ദപുരം കുനിയൻകാട്ടിൽ ശരത്തിനാണ് (32) കടിയേറ്റത്. ബൈക്കിൽ പോകുകയായിരുന്ന ശരത്തിനെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം രണ്ടുപേർക്കും കടിയേറ്റിരുന്നു.

തെരുവുനായ് ശല്യത്തിനെതിരെ പ്രതിഷേധം ശക്തമായി. യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മുനിസിപ്പൽ മണ്ഡലം കമ്മിറ്റി തെരുവ് പട്ടിയുടെ കടിയേറ്റ അനിൽബാബുവിനെയും കൊണ്ട് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ജനങ്ങളാകെ പരിഭ്രാന്തിയിലാണെന്നും നായ്ക്കളെ പിടികൂടാൻ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അടിയന്തര നടപടി സ്വീകരിക്കാമെന്നും നായ്ക്കളെ പിടികൂടുന്ന വിദഗ്‌ധർക്ക് വേണ്ടി ശ്രമം നടത്തുന്നുണ്ടെന്നുമുള്ള നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. ബാലകൃഷ്ണൻ എന്നിവരുടെ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.

യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റ്‌ അരുൺകുമാർ പാലക്കുറുശ്ശി, മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടിജോ പി. ജോസ്, ചെങ്ങോടൻ ബഷീർ, രമേഷ് ഗുപ്ത, സി.എച്ച്. മൊയ്‌തുട്ടി, വിജേഷ് തോരാപുരം, അർജുൻ പുളിയത്ത്, ശ്യാം പ്രകാശ് എന്നിവർ നേതൃത്വം നൽകി.

പ്രശ്നത്തിൽ നഗരസഭ അടിയന്തര ഇടപെടൽ നടത്തണമെന്നും താലൂക്ക് ആശുപത്രിയിൽ ചികിത്സയും വാക്‌സിനും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി നഗരസഭ ചെയർമാനും സെക്രട്ടറിക്കും പരാതി നൽകി. നഗരസഭയിലെ സ്കൂളുകൾക്കും പൊതുജനങ്ങൾക്കും അടിയന്തരമായി ജാഗ്രത നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്‍റ് സമദ് പൂവ്വക്കോടൻ, ഷമീർ നമ്പിയത്ത്, ടി.കെ. സ്വാലിഹ്, സക്കീർ മുല്ലക്കൽ, സമീർ വേളക്കാടൻ, സി.കെ. അഫ്സൽ, നസീം പള്ളത്ത്, ഫസലുറഹ്മാൻ എന്നിവർ പങ്കെടുത്തു.

എ.ഐ.വൈ.എഫ് മണ്ണാർക്കാട് മേഖല കമ്മിറ്റി നഗരസഭ സെക്രട്ടറിക്കും ജില്ല കലക്ടർക്കും പരാതി നൽകി. സെക്രട്ടറി ബോബി ജോയ്, ശ്യാം ഭാസി എന്നിവർ പങ്കെടുത്തു. പ്രശ്നം പരിഹരിക്കാൻ നായ്ക്കളെ പിടികൂടുന്നതിനടക്കം സഹായത്തിന് ജില്ല പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കടിയേറ്റവർക്ക് ചികിത്സക്കായി ജില്ല ആശുപത്രിയിൽ പോയി വരേണ്ടതിനുള്ള സഹായം നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ അറിയിച്ചു.

Tags:    
News Summary - Mannarkkad: Another person was bitten by a street dog; The protest is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.