മണ്ണാർക്കാട്: ശക്തമായ മത്സരം നടന്ന മണ്ണാർക്കാട് നഗരസഭയിൽ യു.ഡി.എഫിന് മേൽകൈ. 29 സീറ്റിൽ 14 സീറ്റിലാണ് യു.ഡി.എഫ് വിജയിച്ചത്. 11 സീറ്റിൽ എൽ.ഡി.എഫും മൂന്ന് സീറ്റിൽ ബി.ജെ.പിയും വിജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്രയും വിജയിച്ചു. മുസ്ലിം ലീഗിനും സി.പി.എമ്മിനും ബി.ജെ.പിക്കും സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ കോൺഗ്രസ് നില മെച്ചപ്പെടുത്തി മൂന്ന് സീറ്റുകൾ നേടി. സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ പോരാടി.
മുസ്ലിം ലീഗിെൻറ സിറ്റിങ് സീറ്റായ വാർഡ് 22ൽ സി.പി.എം മിന്നുന്ന ജയമാണ് നേടിയത്. സി.പി.എം സ്ഥാനാർഥി മൻസൂർ നായാടിക്കുന്ന് ഇവിടെ വിജയിച്ചു. മറ്റൊരു ശ്രദ്ധേയ മത്സരം നടന്ന വാർഡ് എട്ടിൽ ഇടത് സ്വതന്ത്രൻ ടി.ആർ. സെബാസ്ത്യനും വിജയിച്ചു. നഗരസഭയുടെ പ്രഥമ ഭരണസമിതിയിൽ ഇരുമുന്നണികളും തുല്യശക്തികളായിരുന്നു. മുസ്ലിം ലീഗിെൻറ കുത്തക സീറ്റുകളായ 3, 22 എന്നിവ സി.പി. എം പിടിച്ചെടുത്തു. സി.പി.എമ്മിെൻറ സിറ്റിങ് സീറ്റായ 6,7 വാർഡുകൾ കോൺഗ്രസും പിടിച്ചെടുത്തു.
സ്ഥാനാർഥി നിർണയത്തിലെ അപാകതകളാണ് ഇരുമുന്നണികൾക്കും തിരിച്ചടിയായത്. ജനറൽ സീറ്റിൽ എതിർപ്പുകളെ അവഗണിച്ച് വനിതകളെ പരീക്ഷിച്ചത് സി.പി.എമ്മിന് രണ്ട് വാർഡുകളിൽ തിരിച്ചടിയായി. കഴിഞ്ഞതവണ കോൺഗ്രസിലെ വടംവലിയിൽ നഷ്ടപ്പെട്ട നടമാളിക സീറ്റ് ബി.ജെ.പിയിൽനിന്ന് കോൺഗ്രസ് തിരിച്ചു പിടിച്ചു. സി.പി.എമ്മിെൻറ സിറ്റിങ് സീറ്റായ അരയംകോട് ബി.ജെ.പി നേടി. ഇടതുമുന്നണിയിലെ വടംവലിയിൽ സി.പി.ഐ പച്ചതൊട്ടില്ലെന്ന് മാത്രമല്ല വോട്ടുശേഷിയിൽ എവിടെയും മൂന്നക്കം തികഞ്ഞതുമില്ല.
വെൽഫെയർ പാർട്ടിക്ക് കഴിഞ്ഞ തവണത്തേക്കാളും വോട്ട് കുറയുകയും ചെയ്തു. യു.ഡി.എഫിെൻറ ചെയർപേഴ്സൻ സ്ഥാനാർഥിയായ ഫായിദ ബഷീറിനാണ് നഗരസഭയിലെ കൂടിയ ഭൂരിപക്ഷം. 397 വോട്ടിെൻറ ഭൂരിപക്ഷമാണ് ലഭിച്ചത്. സ്വന്തം വോട്ടുപോലും ലഭിക്കാത്ത സ്ഥാനാർഥിയുമുണ്ട്. വാർഡ് 25ലെ സ്വതന്ത്ര സ്ഥാനാർഥി സബിതയാണ് സംപൂജ്യയായത്. വാർഡ് ഒമ്പതിൽ എല്ലാവരെയും പിന്നിലാക്കി യു.ഡി.എഫ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി കമലാക്ഷി വിജയിച്ചതും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.