മണ്ണാർക്കാട്: നഗരത്തിൽ വെള്ളിയാഴ്ച പുലർന്നത് രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഹോട്ടലിലെ അഗ്നിബാധയുടെ നടുക്കുന്ന വാർത്ത കേട്ടാണ്. പുലർച്ചയോടെതന്നെ 'ഹിൽ വ്യൂ' ഹോട്ടലിലും മസാലി റസ്റ്റോറൻറിലും അഗ്നിബാധയുണ്ടായ വിവരം എല്ലാവരിലുമെത്തിയിരുന്നു. എന്നാൽ, വെറുമൊരു തീപിടിത്തത്തിൽനിന്ന് സംഭവം ദുരന്തമായത് മണിക്കൂറുകൾക്ക് ശേഷമാണ്. ഹോട്ടലിൽ കുടുങ്ങി കിടന്ന ഒരാളെ രക്ഷപ്പെടുത്തിയ ശേഷം നടത്തിയ തിരച്ചിലിലാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്.
അഗ്നിശമന സേനയെത്തി രക്ഷാപ്രവർത്തനം തുടങ്ങിയപ്പോഴേക്കും ഒരു മണിക്കൂർ പിന്നിട്ടിരുന്നു. തീപിടിത്തം ശ്രദ്ധയിൽപെട്ടതോടെ, മുറികളിലെത്തി താമസക്കാരോട് താഴെയിറങ്ങാൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാരൻ അനസ് പറഞ്ഞു. എല്ലാവരും താഴെ എത്തിയെന്നാണ് കരുതിയിരുന്നത്. മരിച്ച രണ്ടുപേരും താഴെ എത്തിയതായി സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. തീ പടർന്നുപിടിക്കുന്നതിന് മുമ്പായി മുറിയിൽനിന്ന് സാധനങ്ങൾ തിരിച്ചെടുക്കാൻ കയറിയതാകാമെന്നാണ് കരുതുന്നത്.
കനത്ത പുകയിൽ ശ്വാസം മുട്ടിയാണ് രണ്ടു പേരും മരിച്ചത്. ആദ്യഘട്ട രക്ഷാപ്രവർത്തനം കഴിഞ്ഞ് ആളുകൾ മാറിയ ശേഷമാണ് മൃതദേഹങ്ങൾ വരാന്തയിൽ കണ്ടെത്തിയത്. മരിച്ച രണ്ടുപേരും ഹോട്ടലിൽ താമസിച്ചവരായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. മൂർക്കനാട് പട്ടണക്കാട് തുണിക്കട നടത്തുന്ന പുഷ്പലത കടയിലേക്ക് സാധനങ്ങൾ എടുക്കാനാണ് മണ്ണാർക്കാട്ടെത്തിയതെന്നാണ് വിവരം. തിരൂർ സ്വദേശി മുഹമ്മദ് ബഷീറും ബിസിനസ് ആവശ്യാർഥം നഗരത്തിൽ എത്തിയതാണ്.
അഗ്നിശമനസേന വൈകിയെന്ന് പരാതി
മണ്ണാർക്കാട്: നഗരത്തിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ അഗ്നിശമന സേന എത്താൻ വൈകിയെന്ന് പരാതി. അഗ്നിശമനസേന എത്താൻ വൈകിയതും വിളിച്ചിട്ടും ഫോൺ എടുക്കാത്തതുമെല്ലാം അപകടത്തിെൻറ തീവ്രത കൂട്ടിയെന്നാണ് പരാതി.
പുലർച്ചെ രണ്ടേമുക്കാലിനാണ് റസ്റ്റാറൻറിലെ സ്വീകരണ മുറിക്ക് സമീപം തീ കണ്ടത്. ഷോർട്സർക്യൂട്ടാണ് കാരണമെന്നാണ് അധികൃതരുടെ നിഗമനം. തീ കണ്ട ഉടൻ ഫയർ ഫോഴ്സിലെ നമ്പറിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ലെന്നാണ് ജീവനക്കാരുടെ പരാതി. 101 എന്ന നമ്പറിലേക്കും വിളിച്ചെങ്കിലും സാങ്കേതിക തടസ്സമുണ്ടായെന്നും മണ്ണാർക്കാട് അഗ്നിശമന സേനയുടെ ഓഫിസ് മൊബൈൽ നമ്പറിലേക്ക് വിളിച്ചെങ്കിലും ആരും എടുത്തില്ലെന്നും പരിസരവാസികളടക്കമുള്ളവർ പറയുന്നു.
ഒരു മണിക്കൂറോളം കഴിഞ്ഞ് മൂന്നേ മുക്കാലോടെയാണ് അഞ്ച് കിലോമീറ്റർ അപ്പുറത്തുനിന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയത്. എത്തിച്ച ഫയർ എൻജിനിൽനിന്ന് വെള്ളം ശക്തിയായി പുറത്തേക്ക് പമ്പുചെയ്യാൻ സാധിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. രണ്ടാമതെത്തിയ എൻജിൻ ഉപയോഗിച്ചാണ് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചത്. പിന്നീട് പെരിന്തൽമണ്ണയിൽനിന്ന് രണ്ടു യൂനിറ്റും കോങ്ങാട്ടുനിന്ന് ഒരു യൂനിറ്റും കൂടി എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഹോട്ടലിനകത്തെ താമസക്കാരുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പവും വെളിച്ച കുറവും കനത്ത പുകയുയർന്നതും വെല്ലുവിളിയായി. ഒരാൾ മാത്രമാണ് അകത്തുള്ളതെന്ന ധാരണയിലായിരുന്നു രക്ഷാപ്രവർത്തനം. ഇയാളെ രണ്ടാം നിലയിൽനിന്ന് വല ഉപയോഗിച്ച് പുറത്തെത്തിക്കുകയും ചെയ്തു. തീ അണച്ച ശേഷം അകത്ത് നടത്തിയ തെരച്ചിലിലാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്.
അഗ്നിശമന സേനയുടെ അനാസ്ഥയെന്ന് ഹോട്ടലുടമ
മണ്ണാർക്കാട്: അഗ്നിശമന സേനയുടെ അനാസ്ഥയാണ് രണ്ടു പേരുടെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് അഗ്നിബാധയുണ്ടായ ഹിൽ വ്യൂ ഹോട്ടൽ ഉടമ സി. മുഹമ്മദ് ബഷീർ പറഞ്ഞു. തീപിടിത്തമുണ്ടായ ഉടൻ പലതവണ അഗ്നിശമന സേനയുടെ മൊബൈൽ നമ്പറിലുൾപ്പെടെ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ല. ജീവനക്കാരും നാട്ടുകാരും മാറിമാറി വിളിച്ചിട്ടും കിട്ടിയില്ലെന്നും നഗരസഭ ചെയർമാൻ കൂടിയായ ബഷീർ പറഞ്ഞു.
അഗ്നിശമന സേന കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ റസ്റ്റാറൻറിെൻറ സ്വീകരണമുറിയിൽ തന്നെ തീ നിയന്ത്രിക്കാമായിരുന്നു. നഗരത്തിൽ ഇത്തരമൊരു വിപത്ത് നടന്നത് ദുഃഖകരമാണ്. അവശ്യ സേവന വിഭാഗമായ അഗ്നിശമന സേനയുടെ വീഴ്ച പരിശോധിക്കേണ്ടതാണെന്നും ബഷീർ പറഞ്ഞു.
മണ്ണാർക്കാട് ഫയർഫോഴ്സ് എന്നും 'പരിധിക്ക് പുറത്ത്'
മണ്ണാർക്കാട്: മണ്ണാർക്കാട് അഗ്നിശമന സേന എപ്പോൾ വിളിച്ചാലും കിട്ടാത്ത സ്ഥിതിയിലായിട്ട് നാളേറെയായി. സ്റ്റേഷനിലെ ലാൻഡ് ഫോൺ നമ്പർ ഭൂരിഭാഗം സമയങ്ങളിലും കേടായിരിക്കും. നേരത്തേയും നഗരത്തിലെ അഗ്നിബാധയിൽ സേവനം ലഭിക്കാൻ കാലതാമസം നേരിട്ടതിൽ വില്ലൻ ഫോൺ തന്നെയായിരുന്നു. പരിഹാരമായി അന്ന് സ്റ്റേഷനിലേക്ക് മൊബൈൽ ഫോണും നമ്പറും നൽകിയിരുന്നു. എന്നാൽ, വെള്ളിയാഴ്ചയുണ്ടായ അഗ്നിബാധയിൽ അതും ഗുണം ചെയ്തില്ല. മൊബൈൽ നമ്പറിലേക്ക് വിളിച്ചിട്ടും ആരും പ്രതികരിച്ചില്ലെന്ന് ആക്ഷേപമുന്നയിക്കുന്നത് കെട്ടിട ഉടമയെന്നതിലുപരി നഗരസഭ ചെയർമാൻ കൂടിയാണ്. സ്റ്റേഷനിലെ ഫോൺ പരാതി അഗ്നിശമന സേന ഉദ്യോഗസ്ഥരും പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരന്തരം ബി.എസ്.എൻ.എല്ലിനോട് പരാതി പറയുന്നുണ്ടെങ്കിലും പരിഹാരം നീളുകയാണെന്നാണ് ഫയർ ഉദ്യോഗസ്ഥരുടെ നിലപാട്. സംഭവ സമയത്തും ഫോണുകൾ പ്രവർത്തന രഹിതമായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു.
അഭിമാനമായി അനിൽകുമാർ
മണ്ണാർക്കാട്: പഴികേൾക്കുന്നതിനിടയിലും കർമനിരതനായ മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ ഹോംഗാർഡ് അനിൽകുമാറിനെ തേടി സംഭവശേഷം അഭിനന്ദനങ്ങൾ ഏറെയെത്തി. വെള്ളിയാഴ്ചയുണ്ടായ അഗ്നിബാധയിൽ അഗ്നിശമന സേന എത്താൻ വൈകിയത് ഏറെ പരാതികൾക്കിടയാക്കിയിരുന്നു. ഇതിനിടയിലാണ് അനിൽകുമാറിെൻറ സാഹസികമായ ഇടപെടലുകൾ ജനങ്ങളുടെ പ്രശംസക്കിടയാക്കിയത്. സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനും കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിക്കാനുമെല്ലാം അനിൽകുമാർ നടത്തിയ ഇടപെടൽ തീയുടെ വ്യാപ്തി കുറക്കാനിടയാക്കി. ഉള്ളിൽ എത്രപേരുണ്ടെന്നുള്ള വ്യക്തമായ വിവരം ലഭിക്കാത്തതാണ് രണ്ടുപേരുടെ ജീവൻ പൊലിയാനിടയാക്കിയതെന്നാണ് അനിൽകുമാറിെൻറ സങ്കടം. വിവരം കിട്ടിയ ഉടനെ അഗ്നിശമന സേന പ്രതികരിച്ചെന്നും അനിൽകുമാർ പറഞ്ഞു.
വീഴ്ചയില്ലെന്ന് സ്റ്റേഷൻ ഓഫിസർ
മണ്ണാർക്കാട്: അഗ്നിശമന സേനയുടെ ഭാഗത്തുനിന്ന് നടപടികൾ വൈകിയില്ലെന്ന് മണ്ണാർക്കാട് സ്റ്റേഷൻ ഓഫിസർ എ.കെ. ഗോവിന്ദൻകുട്ടി വ്യക്തമാക്കി. തെൻറ പേഴ്സനൽ നമ്പറിലേക്കാണ് മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽനിന്ന് 3.20ന് കാൾ വന്നത്. ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തി. ആദ്യഘട്ടത്തിൽ രണ്ട് യൂനിറ്റ് ഫയർ എൻജിനും സ്ഥലത്തെത്തി. പെരിന്തൽമണ്ണയിൽനിന്നും കോങ്ങാട്ടുനിന്നും അധിക എൻജിനുകളും എത്താൻ നിർദേശിച്ചിരുന്നു.
അഗ്നിശമന സേനക്ക് വീഴ്ചപറ്റിയെന്നതടക്കം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. സ്റ്റേഷനിലേക്ക് അതിനു മുമ്പ് സംഭവവുമായി ബന്ധപ്പെട്ട് മറ്റു വിളികളൊന്നും എത്തിയിരുന്നില്ല. അകത്ത് കുടുങ്ങി കിടക്കുന്നവരെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തത് വെല്ലുവിളിയായി. മുറിയിലുണ്ടെന്ന് വിവരം ലഭിച്ച ഒരാളെ സേന രക്ഷപ്പെടുത്തിയെന്നും സ്റ്റേഷൻ ഓഫിസർ പറഞ്ഞു.
അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം; നഷ്ടം രണ്ട് കോടിയിലേറെ
മണ്ണാർക്കാട്: അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് ഫയർ ഫോഴ്സിെൻറ പ്രാഥമിക നിഗമനം. വിശദ പരിശോധനകൾ നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അപകട സ്ഥലം ഫോറൻസിക് സംഘവും പരിശോധിച്ചു. ജില്ല ഫയർ ആൻഡ് റെസ്ക്യൂ മേധാവി ഗൃതിക് സംഭവസ്ഥലം സന്ദർശിച്ചു. കെട്ടിടത്തിൽ മതിയായ അഗ്നി സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നാണ് ഫയർ ഫോഴ്സിെൻറ വിലയിരുത്തൽ. എന്നാൽ കെട്ടിട നിർമാണ സമയത്ത് ആവശ്യമായ നിയമങ്ങൾ എല്ലാം പാലിച്ചാണ് പൂർത്തീകരിച്ചിരിക്കുന്നതെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയിരുന്നെന്നും ഹോട്ടൽ ഉടമ സി. മുഹമ്മദ് ബഷീർ പറഞ്ഞു. അഗ്നി ബാധയിൽ ജീവാപായം കൂടാതെ രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
അന്വേഷണം വേണമെന്ന് എം.എൽ.എ
മണ്ണാർക്കാട്: മണ്ണാർക്കാട് രണ്ടു പേരുടെ മരണത്തിനിടയാക്കിയ നെല്ലിപ്പുഴ ഹിൽ വ്യൂ ടവറിലെ അഗ്നിബാധയിൽ ഫയർ ഫോഴ്സിനെതിരെ ഉയർന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മണ്ണാർക്കാട് എം.എൽ.എ. അഡ്വ. എൻ. ഷംസുദ്ദീൻ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് കാലതാമസമുണ്ടായി എന്നുള്ള പരാതി ഗൗരവമാണെന്നും എം.എൽ.എ. പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.