മണ്ണാര്‍ക്കാട്: ചൊവ്വാഴ്ച മുതല്‍ താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ്. തുറന്നില്ലെങ്കില്‍ ബുധനാഴ്ച സമരം നടത്താന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. പ്രസവ വാര്‍ഡ് തുറക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
ഗൈനക്കോളജി വിഭാഗത്തില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്ന രണ്ട് ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും ഇവര്‍ക്ക് പകരമെത്തിയ ഡോക്ടര്‍മാര്‍ ദീര്‍ഘനാള്‍ അവധിയില്‍ പ്രവേശിച്ചതോടെയാണ് പ്രസവ വാര്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചത്. ഇതേതുടര്‍ന്ന് താൽക്കാലികമായി മൂന്ന് ഡോക്ടര്‍മാരെ നിയമിക്കുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ ഗൈനക്കോളജി വിഭാഗത്തില്‍ സ്ഥാനമേറ്റെങ്കിലും ഒ.പിയിലെ ഗര്‍ഭിണികളെ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രസവമെടുക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഗര്‍ഭിണികള്‍ പറയുന്നു. പ്രസവത്തിന് ജില്ല ആശുപത്രിയിലേക്ക് പോകാനാണ് ആശുപത്രിയില്‍നിന്ന് നിര്‍ദേശം നൽകുന്നത്.
ഗര്‍ഭിണികള്‍ നേരിടുന്ന ദുരിതങ്ങള്‍ സ്ഥലത്തെത്തിയ എന്‍. ഷംസുദ്ദീന് എം.എല്‍.എയെ ബോധിപ്പിച്ചു. വിഷയം ആരോഗ്യമന്ത്രിയുടെയും ഡയറക്ടറുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കില്‍ ജനങ്ങള്‍ക്കൊപ്പം സമരത്തിന് മുന്നിലുണ്ടാകുമെന്നും എം.എല്‍.എ അറിയിച്ചു. പ്രസവ വാര്‍ഡ് ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചില്ലെങ്കില്‍ ബുധനാഴ്ച ലേബര്‍ റൂമിന് മുന്നില്‍ ഉപവാസ സമരം നടത്താനാണ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗ തീരുമാനം. എന്‍. ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്പേഴ്സൻ കെ. പ്രസീദ, സ്ഥിരം സമിതി അധ്യക്ഷരായ ഷെഫീഖ് റഹ്മാന്, കൗണ്‍സിലര്‍മാരായ അമുദ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി.വി. ഷൗക്കത്തലി, ടി.എ. സലാം, പരമശിവന്, ശെല്വന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.