ജലവൈദ്യുതി പദ്ധതികള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി

മണ്ണാർക്കാട്: ജലവൈദ്യുതി പദ്ധതികള്‍ക്ക് അനുയോജ്യ മേഖലയായ കേരളം സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും പദ്ധതികളോടുള്ള എതിര്‍പ്പ് മാറ്റിവെക്കാന്‍ സഹകരണം ആവശ്യമാണെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മണ്ണാര്‍ക്കാട് മിനി വൈദ്യുതിഭവനം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിലെ ജലവൈദ്യുതി പദ്ധതികള്‍ക്കുള്ള തടസ്സം തമിഴ്‌നാട്-കേരള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇതിനകം പരിഹരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കി. ആറു മെഗാവാട്ട് വൈദ്യുതി ഉൽപാദനം ലക്ഷ്യമിട്ട് ധാരണപത്രം ഒപ്പുവെച്ചു.

പാത്രക്കടവ് പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തിന് വലിയ നേട്ടമാകും. ഇടുക്കിയില്‍ 52 പൈസക്കാണ് ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. എന്നാല്‍, പീക് അവറില്‍ യൂനിറ്റിന് 20 രൂപ നല്‍കിയാണ് വൈദ്യുതി എത്തിക്കുന്നത്.

കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കാനായാല്‍ മാത്രമേ വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകൂ. ജലവൈദ്യുതി പദ്ധതികള്‍ക്ക് കേന്ദ്രം പ്രോത്സാഹനം നല്‍കുന്നുണ്ട്. വൈദ്യുതി മേഖല രാജ്യത്തെ മികച്ച നിലവാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കെ.എസ്ഇ.ബിയും സര്‍ക്കാറും മുന്നോട്ടുപോവുന്നത്. കേരളത്തില്‍ സുലഭമായ ജലവൈദ്യുതി പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമംനടത്തുന്നുണ്ട്. അട്ടപ്പാടി മേഖലയില്‍ 72 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്ന് ഉൽപാദിപ്പിക്കാനുള്ള ശ്രമംനടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ബി. അശോക്, കെ.എസ്.ഇ.ബി ഡയറക്ടര്‍ എസ്. രാജ്കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായും മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉമ്മു സൽമ, മരുതി മുരുകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൗക്കത്ത്, പി.എസ്. രാമചന്ദ്രന്‍, നാരായണന്‍കുട്ടി, ജെസീന അക്കര, ഗ്രാമപഞ്ചായത്ത് അംഗം എം. ശ്രീകുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Minister urges use of hydropower projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.