മണ്ണാര്‍ക്കാട്: സദാചാര പൊലീസ് ചമഞ്ഞ് ഒരുസംഘം നടത്തിയ ആക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷിയെ കൂടി മണ്ണാര്‍ക്കാട് ജില്ല പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ വിസ്തരിച്ചു. ചെര്‍പ്പുളശ്ശേരി കുലുക്കല്ലൂര്‍ മുളയംകാവ് പാലേക്കുന്ന് മൂത്തേവീട്ടില്‍പ്പടി പ്രഭാകരന് (55) മരിച്ച കേസിലാണ് വിസ്താരം തുടങ്ങിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാന്‍ ഒപ്പിട്ട അന്നത്തെ പഞ്ചായത്തംഗമായിരുന്ന രാജന് പൂതനായില്നെയാണ് വിസ്തരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ കണ്ടുവെന്ന് ജഡ്ജി ജോമോന് ജോണിന് മുമ്പാകെ അദ്ദേഹം മൊഴി നല്കി.
കേസിലെ ഒന്നും രണ്ടും സാക്ഷികള്‍ തിങ്കളാഴ്ച മൊഴി നല്‍കിയിരുന്നു. ബുധനാഴ്ച മറ്റുരണ്ടുസാക്ഷികളുടെ വിസ്താരവും നടക്കും. 2015ലാണ് പ്രഭാകരന് കൊല്ലപ്പെടുന്നത്. കുലുക്കല്ലൂര്‍ എരവത്രയില്‍ താമസിക്കുന്ന സ്ത്രീയുടെ വീട്ടില്വന്നെന്നാരോപിച്ച് ഒരുസംഘമാളുകള്‍ മര്‍ദിക്കുകയായിരുന്നു. വീട്ടമ്മയുമായി അവിഹിതബന്ധമുണ്ടെന്ന് സമ്മതിപ്പിക്കാനും ശ്രമിച്ചു. ഇത് വിഫലമായതിനെ തുടര്‍ന്ന് വീണ്ടും മര്‍ദിച്ചതോടെ ഇയാള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
തുടര്‍ച്ചയായ മർദനംമൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും. ചെര്‍പ്പുളശ്ശേരി സി.ഐയായിരുന്ന സി. വിജയകുമാരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ കേസില്‍ 11 പ്രതികളാണുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയന് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.