മണ്ണാര്‍ക്കാട്: മലയോര ഹൈവേയുടെ ആദ്യ റീച്ചിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു. നിര്‍ദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചതോടെയാണ് അധികൃതര്‍ പദ്ധതി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാരംഭിച്ചത്. കേരള റോഡ് ഫണ്ട് ബോര്‍ഡ് സമര്‍പ്പിച്ച 91.4 കോടിയുടെ പദ്ധതിക്ക് ഈ മാസം ആദ്യവാരത്തിലാണ് കിഫ്ബി സാങ്കേതിക അനുമതി നല്‍കിയത്. പദ്ധതി നിര്‍വഹണ രേഖകളും കെ.ആര്.എഫ്.ബി. സമര്‍പ്പിച്ചിട്ടുണ്ട്. കിഫ്ബിയില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയശേഷം പദ്ധതി ടെന്‍ഡര്‍ ചെയ്യുമെന്നും ഇത് വൈകാതെ തന്നെയുണ്ടാകുമെന്നാണ് അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരം.
മലപ്പുറം ജില്ല അതിര്‍ത്തിയായ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെ 18.1 കിലോമീറ്റര്‍ വരുന്ന നിലവിലെ സംസ്ഥാനപാതയാണ് മലയോര ഹൈവേയായി വികസിപ്പിക്കുന്നത്. 12 മീറ്റര്‍ വീതിയില്‍ അഴുക്കുചാലോടുകൂടിയാണ് റോഡ് നിര്‍മിക്കുക. അലനല്ലൂര്‍, കോട്ടോപ്പാടം ടൗണുകള്‍ക്ക് പുറമേ പ്രധാന ജങ്ഷനുകളായ ഭീമനാട്, മേലേ അരിയൂര്‍ ഉൾപ്പെടെ പത്തോളം ഇടങ്ങളില്‍ കൈവരികളോടുകൂടിയ നടപ്പാതയുണ്ടാകും. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസ് ബേയും കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരുക്കും. സാധ്യമാകുന്ന സ്ഥലങ്ങളില്‍ വളവുകള്‍ നിവര്‍ത്തി സുഗമമായ ഗതാഗതം സാധ്യമാക്കുന്ന തരത്തിലാണ് റോഡ് രൂപകല്പന ചെയ്തിട്ടുള്ളത്.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. നവംബറില്‍ അലനല്ലൂരില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മൂന്നുമാസം കൊണ്ട് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് കെ.ആര്.എഫ്.ബി പ്രതിനിധികള്‍ അറിയിച്ചിരുന്നു. എന്നാല്‍, പുതുക്കി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭ്യമാകാന്‍ കാലതാമുണ്ടാവുകയും കൂടാതെ ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലനിന്നതിനാല്‍ ഉദേശിച്ചസമയത്ത് പ്രവൃത്തികളാരംഭിക്കാന് കഴിഞ്ഞില്ല. ജില്ലയില്‍ വിവിധ മലയോര മേഖലകളെ പ്രധാനപാതകളുമായി ബന്ധിപ്പിച്ചുള്ള മലയോര ഹൈവേ പദ്ധതി അഞ്ച് റീച്ചുകളിലായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.