മണ്ണാർക്കാട്: മണ്ണാർക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് അട്ടപ്പാടി വഴി ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവിസ് ദിവസങ്ങൾക്കകം നിർത്തി. അട്ടപ്പാടിയിലേക്ക് ബസുകൾ കുറവാണെന്ന പരാതിയെ തുടർന്നാണ് പുതിയ സർവിസ് ആരംഭിച്ചത്. ഒരാഴ്ച മാത്രം സർവിസ് നടത്തി ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിർത്തിയത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കലക്ഷൻ കുറവായതിനാലാണ് സർവിസ് നിർത്തിയതെന്നാണ് മണ്ണാർക്കാട് ഡിപ്പോ അധികൃതരുടെ നിലപാട്. ദിവസവും രണ്ട് സർവിസുകളാണ് നടത്തിയിരുന്നത്.
മാർച്ച് 13 നാണ് മണ്ണാർക്കാട് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്ത് സർവിസിന് തുടക്കം കുറിച്ചത്. അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാട്ടേക്കുള്ള അവസാന ബസ് കൂടി ആയിരുന്നു ഇത്. കോയമ്പത്തൂരിൽനിന്ന് ജോലി കഴിഞ്ഞ് വരുന്നവർക്കും ഈ സർവിസ് ഏറെ ഉപകാരമായിരുന്നു. എന്നാൽ തുടക്കം മുതലേ ഈ റൂട്ടിനോട് അധികൃതർക്കുതന്നെ താൽപര്യമില്ലാത്തതു പോലെയായിരുന്നെന്ന് വിമർശനങ്ങളുണ്ടായിരുന്നു.
കോയമ്പത്തൂരിൽനിന്ന് അട്ടപ്പാടിയിലേക്കും മണ്ണാർക്കാട്ടേക്കും ഏറെ യാത്രക്കാരുണ്ടെങ്കിലും കോയമ്പത്തൂരിനും ആനക്കട്ടിക്കും ഇടയിൽ സ്റ്റോപ്പുകൾ അനുവദിക്കാത്തത് തിരിച്ചടിയായി. ഇതിനാൽ കോയമ്പത്തൂർ ബസ് സ്റ്റാൻഡിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഈ ബസിൽ കയറാനാകുമായിരുന്നത്. ഇതാണ് യാത്രക്കാർ കുറയാൻ കാരണമായതെന്നും ആവശ്യത്തിന് സ്റ്റോപ്പുകൾ അനുവദിച്ച് സർവിസ് പുനരാരംഭിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. വിഷയത്തിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റുമായി സംസാരിച്ച് സർവിസ് പുനഃസ്ഥാപിക്കാൻ നടപടിയെടുക്കുമെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.