മണ്ണാര്‍ക്കാട്: നവീകരിക്കുന്ന മണ്ണാര്‍ക്കാട്-കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ മണ്ണാര്‍ക്കാട് ഭാഗത്ത് ആദ്യഘട്ട ടാറിങ് ആരംഭിച്ചു. പള്ളിക്കുറുപ്പില്നിന്ന് മണ്ണാര്‍ക്കാട് ടൗണ്‍ വരെ ഭാഗത്തേക്കാണ് കഴിഞ്ഞദിവസം മുതല്‍ റോഡിന്റെ ഒരുവശം ടാര്‍ ചെയ്ത് തുടങ്ങിയത്. പ്രവൃത്തികള്‍ മുക്കണ്ണത്തെത്തി.
ഈ ഭാഗങ്ങളിലെല്ലാം അഴുക്കുചാലിന്റെയും കലുങ്കുകളുടെയും നിര്‍മാണം കഴിഞ്ഞിട്ടുണ്ട്. കോങ്ങാട്, കടമ്പഴിപ്പുറം, കാരാകുര്‍ശ്ശി, മണ്ണാര്‍ക്കാട് നഗരസഭ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന 17 കിലോമീറ്റര്‍ റോഡാണ് നവീകരിക്കുന്നത്. ഇതില്‍ കൊട്ടശ്ശേരി മുതല്‍ പള്ളിക്കുറുപ്പ് വരെ 13 കിലോമീറ്റര്‍ ദൂരം രണ്ട് പാളി ടാറിങ് (ബി.എം ആന്‍ഡ് ബി.സി) മൂന്നാഴ്ചകള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെയാണ് നവീകരണജോലികള്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വ്യാപിപ്പിച്ചത്.
നഗരത്തിലും റോഡിലും ഗതാഗതതിരക്ക് കുറക്കാൻ രാത്രികളിലാണ് പ്രവൃത്തി നടത്തുന്നത്. ഒരുവശത്ത് ടാറിങ് നടത്തി മറുവശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ട് ഗതാഗതവും ക്രമീകരിക്കുന്നു. കാലാവസ്ഥ അനുകൂലമായാല്‍ രണ്ട് ദിവസത്തിനകം ഒരു പാളി ടാറിങ് നാല് കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കെ.ആര്.എഫ്.ബി അധികൃതര്‍ പറയുന്നു.
അതേസമയം മഴയുടെ ഗതിയനുസരിച്ചായിരിക്കും രണ്ടാംഘട്ട ടാറിങ് നടക്കുക. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതിയാകാത്തതിനെ തുടര്‍ന്ന് ഈ ഭാഗത്ത് മാസങ്ങളോളം പ്രവൃത്തികള്‍ നടന്നിരുന്നില്ല. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടര്‍ന്ന് ഏപ്രിലിലാണ് വീണ്ടും പ്രവൃത്തികള്‍ പുനരാരംഭിച്ചത്. ഇത് ടാറിങ്ങിലെത്തിയ ആശ്വാസത്തിലാണ് യാത്രക്കാരും നാട്ടുകാരും. കിഫ്ബിയില്‍ നിന്നും 53.6 കോടി വിനിയോഗിച്ചാണ് പ്രവൃത്തികള്‍ നടത്തുന്നത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് റോഡ് വീതികൂട്ടി നവീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.