മണ്ണാർക്കാട്: ശക്തമായ കാറ്റിൽ മണ്ണാർക്കാടിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വീണ് നാശനഷ്ടം. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടുകൂടിയായിരുന്നു പല സ്ഥലങ്ങളിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. ആളപായം ഇല്ലെങ്കിലും മരങ്ങൾ കടപുഴകി വീണു. അട്ടപ്പാടി റോഡിൽ തെങ്കര ചിറപ്പാടത്ത് പന റോഡിന് കുറുകെ വൈദ്യുതി ലൈനിന് മുകളിലായി വീണു. ഈ സമയത്ത് റോഡിൽ വാഹനങ്ങൾ കടന്നുപോകാത്തത് ദുരന്തം ഒഴിവാക്കി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പന നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ആനമൂളി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം വൻമരം 33 കെ.വി ലൈനിലേക്ക് വീണു. സമീപം ഓട്ടോ സ്റ്റാൻഡ് ആയിരുന്നെങ്കിലും ഓട്ടോറിക്ഷകൾ ഇല്ലാതിരുന്നത് രക്ഷയായി. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗത തടസ്സം നേരിട്ടു. നൊട്ടമ്മലയിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. മരം മുറിച്ചുനീക്കി.
അലനല്ലൂരിലെ യു.പി സ്കൂളിന് മുകളിലേക്ക് മരം വീണത് നാട്ടുകാർ തന്നെ മുറിച്ചു മാറ്റുകയായിരുന്നു. ഭീമനാട് റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പല സ്ഥലങ്ങളിലും മരം വീണതിനെ തുടർന്ന് വൈദ്യുതി ബന്ധം നിലച്ചു. വിവിധ ഭാഗങ്ങളിലായി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജലീൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി. സുരേഷ് കുമാർ, ഒ.എസ്. സുഭാഷ്, മഹേഷ്, വി. സുജീഷ്, എം.എസ്. ഷബീർ, രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.