മണ്ണാര്‍ക്കാട്: തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തെരുവുനായ്ക്കൂട്ടം തമ്പടിക്കുന്നത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഭീതി സൃഷ്ടിക്കുന്നു. ചുറ്റുമതിലില്ലാത്തതാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ സ്കൂളിലെത്താന്‍ ഇടയാക്കുന്നത്. നേരത്തെ മൈതാനത്ത് മാത്രമായിരുന്നു ശല്യമെങ്കില്‍ ഇപ്പോള്‍ ക്ലാസ് മുറികള്‍ക്ക് അകത്തുവരെ പ്രവേശിക്കുന്നതായാണ് പരാതി. സ്കൂള്‍ വരാന്തകളിലും സ്റ്റേജിലുമൊക്കെയാണ് നായ്ക്കളുടെ കിടപ്പ്. മുറ്റത്തും വിഹരിക്കും. ശുചിമുറികളിലും കയറാറുണ്ട്. ഒന്നും രണ്ടുമല്ല സംഘത്തില്‍ 15ലധികം നായ്ക്കളാണുള്ളത്.
രാവിലെ സ്കൂളിലേക്ക് ഒറ്റക്ക് കയറിച്ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണെന്ന് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് വരുന്ന ഓട്ടോറിക്ഷകളുടെയും ബൈക്കുകളുടെയും പിറകെ നായ്ക്കള്‍ കുരച്ചോടാറുമുണ്ട്. രാത്രിയില്‍ സ്റ്റേജില്‍ തമ്പടിക്കുന്ന ഇവ പകല്‍നേരങ്ങളില്‍ സ്കൂള്‍ വരാന്തകളിലാണ് കിടക്കാറ്. ഇവക്കരികിലൂടെ പേടിയോടെ വേണം മുന്നോട്ട് പോകാന്‍. വിദ്യാര്‍ഥികള്‍ക്ക് ശുചിമുറികളില്‍ പോകാനും അധ്യാപകര്‍ അനുഗമിക്കേണ്ട സാഹചര്യമാണ്. യു.പി സെക്ഷനിലുള്ള വിദ്യാര്‍ഥികള്‍ ഹൈസ്കൂള്‍ സെക്ഷനിലുള്ള ശുചിമുറികളാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ ശുചിമുറികളിലേക്ക് പോകുന്നത് അധ്യാപകരുടെ കാവലിലാണ്. അപരിചിതരാരെങ്കിലും സ്കൂളിൽ വന്നാല്‍ നായകള്‍ നിര്‍ത്താതെ കുരക്കും. ബഹളവും വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നതായും ആക്ഷേപമുണ്ട്.
സ്കൂളില്‍ കെട്ടിടനിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ചില തൊഴിലാളികള്‍ക്ക് നേരെ നേരത്തെ നായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു കുട്ടിയുടെ പിറകെ ഓടിയ നായെ അധ്യാപകര്‍ ചേര്‍ന്ന് തുരത്തുകയായിരുന്നു. സ്കൂളിനകത്ത് തെരുവുനായ്ക്കളെ കണ്ട് പുറത്തു നിന്നുള്ള നായക്കളെത്തിയാല് ഇവ തമ്മില്‍ കടിപിടിയും മത്സരയോട്ടവുമായിരിക്കും. ഉച്ചഭക്ഷണ അവശിഷ്ടമെല്ലാം പന്നിഫാമുകളിലേക്ക് നല്‍കുകയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു.
പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 2000ലധികം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമ-ബ്ലോക്ക്- ജില്ല പഞ്ചായത്ത് അധികൃതര്‍ക്ക് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.