മണ്ണാര്‍ക്കാട്: ജലജീവന്‍ മിഷന് പദ്ധതിയുടെ മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലെ രണ്ടാം ഘട്ട പ്രവൃത്തികള്‍ പൂർത്തിയാക്കാൻ നടപടികൾ സജീവം. വിതരണ ശൃംഖലയുടെ വിപുലീകരണവും ഗാര്‍ഹിക കണക്ഷന് നല്‍കലും 70 ശതമാനം പൂര്‍ത്തിയായതായി ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഗ്രാമീണമേഖലയിലെ വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണിത്.
കാഞ്ഞിരപ്പുഴ, കുന്തിപ്പുഴ, മുറിയങ്കണ്ണിപ്പുഴ എന്നിവയിൽനിന്ന് ജലം ശുദ്ധീകരിച്ച് തെങ്കര, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി, കരിമ്പ, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാനുള്ള ജലസംഭരണികളുടെ വിപുലീകരണവും നടക്കുകയാണ്.
നിലവിൽ ഏഴ് ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ കഴിയുന്ന കാഞ്ഞിരപ്പുഴ പിച്ചളമുണ്ടയിലുള്ള ശുദ്ധീകരണശാലയുടെ ശേഷി 14 ദശലക്ഷം ലിറ്റര്‍ കൂടി വര്‍ധിപ്പിച്ച് പ്രതിദിനം 21 ദശലക്ഷം ലിറ്റര്‍ എന്ന തരത്തിലാണ് വിപുലീകരിക്കുന്നത്. തെങ്കര, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി തുടങ്ങിയ പഞ്ചായത്തുകളിലേക്ക് ഇവിടെനിന്നാണ് ജലവിതരണം ചെയ്യുക.
കരിമ്പ പഞ്ചായത്തിലേക്കുള്ള ജലവിതരണം പുളിഞ്ചോടില്‍ സ്ഥാപിക്കുന്ന പുതിയ ജലശുദ്ധീകരണശാലയിൽനിന്നായിരിക്കും. തെങ്കര ആനമൂളിയില്‍ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യവ്യക്തി വിട്ടുനല്‍കിയ പത്ത് സെന്റ് സ്ഥലത്ത് 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണി നിര്‍മിക്കും. കരിമ്പ പഞ്ചായത്തില്‍ പാറക്കാല്‍ എന്ന സ്ഥലത്താണ് 13 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണി നിര്‍മിക്കുക.
ഇത് ടെന്‍ഡർ ഘട്ടത്തിലാണ്. തച്ചമ്പാറ പഞ്ചായത്തിലെ വാക്കോടനില്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കുമരംപുത്തൂര്‍ പഞ്ചായത്തില്‍ കുരുത്തിച്ചാല്‍ ഭാഗത്ത് മൂന്ന് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയും ചാത്തന്മലയില് ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയുമാണ് ഒരുക്കുന്നത്.
കാരാകുര്‍ശ്ശി പഞ്ചായത്തില്‍ ടാങ്ക് നിര്‍മിക്കാതെ കാഞ്ഞിരപ്പുഴ ജലശുദ്ധീകരണശാലയില്‍നിന്ന് മുതുകുര്ശ്ശിയിലുള്ള സംഭരണിയിലേക്ക് വെള്ളമെത്തിച്ച് ഇവിടെ നിന്നും വാഴമ്പുറം സംഭരണിയിലേക്കെത്തിച്ച് പഞ്ചായത്ത് പരിധിയില്‍ കുടിവെള്ളവിതരണം നടത്തും. കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര പഞ്ചായത്തുകളിലേക്ക് മുറിയങ്കണ്ണിപ്പുഴയില് നിന്നും വെള്ളമെത്തിക്കുക തച്ചനാട്ടുകരയില്‍ നിന്നാണ്.
മൂന്ന് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം നല്കാന് നാട്ടുകല്‍ തേങ്ങാക്കണ്ടം മലയില്‍ 66 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി സ്ഥാപിക്കും.
പഞ്ചായത്തില്‍ പാലോട് ശുദ്ധീകരണശാലയുണ്ട്. അതേ സമയം തച്ചനാട്ടുകരയില്നിന്ന് കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്താൻ ദേശീയപാതക്ക് സമാന്തരമായി പൈപ്പ് സ്ഥാപിക്കണം. ആറ് കിലോമീറ്ററോളം ദൂരത്തില്‍ വാട്ടർ ഡക്റ്റുകളടക്കം സ്ഥാപിക്കേണ്ടിയും വരും.
ഇതിന് അധിക ചെലവ് വരുന്നുണ്ട്. ഇതിനായി ദേശീയപാത അതോറിറ്റി, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവർ സംയുക്തമായി അടുത്ത ദിവസം പരിശോധന നടത്തുമെന്നാണ് വിവരം. മൂന്നാം ഘട്ടമായി നടത്തുന്ന റോഡ് പ്രവൃത്തികളും വിതരണശൃംഖലയുടെ വിപുലീകരണവും ആരംഭിച്ചതായും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.
തച്ചമ്പാറ: വട്ടപ്പാറ മിനി ജലവൈദ്യുത പദ്ധതിക്ക് ജീവൻ വെക്കുന്നു. സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതോടെ ഇടക്കാലത്ത് ചുവപ്പുനാടയിൽ കുടുങ്ങിയ പദ്ധതിക്ക് ഇതോടെ പ്രതീക്ഷ കൈവന്നിരിക്കുകയാണ്.
ഫണ്ട് ലഭ്യമാകുന്ന മുറക്ക് പദ്ധതി ആരംഭിക്കും. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയം പ്രദേശത്ത് വട്ടപ്പാറയിലെ ജലപാത പ്രദേശത്താണ് 2.5.മെഗാവാട്ട് കാര്യക്ഷമതയുള്ള വൈദ്യുത പദ്ധതി പരിഗണിക്കുന്നത്.
ആഴ്ചകൾക്കുമുമ്പ് പദ്ധതി പ്രദേശം ജനപ്രതിനിധി ഉദ്യോഗസ്ഥസംഘം സന്ദർശിച്ചിരുന്നു. പദ്ധതി സാധ്യതകൾ പഠിക്കാനാണ് കെ. ശാന്തകുമാരി എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്.
ഉദ്യോഗസ്ഥ സംഘം വട്ടപ്പാറ ജലവൈദ്യുതപദ്ധതിയുടെ സാധ്യത റിപ്പോർട്ടും സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. തുടർന്ന് എനർജി മാനേജ്മെന്റ് സെന്റർ പദ്ധതി ആരംഭിക്കാൻ വൈദ്യുതി ബോർഡും സംസ്ഥാന സർക്കാറും അംഗീകാരം നൽകി. കഴിഞ്ഞ ദിവസം മന്ത്രിസഭയും ഉപാധികളോടെ അംഗീകാരം നൽകി.
15 വർഷം മുമ്പ് വൈദ്യുതി ബോർഡിന് കീഴിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ച് റിപോർട്ട് സമർപ്പിച്ചെങ്കിലും പദ്ധതി എങ്ങുമെത്തിയിരുന്നില്ല. ഏകദേശം 30 കോടി രൂപയുടെ പദ്ധതിയാണിത്. മലയോര കുടിയേറ്റ മേഖലയുടെ സർവതോന്മുഖ വികസനത്തിന് പദ്ധതി ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.