മണ്ണാര്‍ക്കാട്: ദേശീയപാതയിലൂടെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി കാല്‍നടയാത്ര ചെയ്യാന്‍ കൈവരികളോടുകൂടിയ നടപ്പാതയും മേല്പാലവും വേണം. നൂറുകണക്കിന് വിദ്യാര്‍ഥികളെത്തുന്ന എം.ഇ.എസ് കല്ലടി കോളജ് മുതല്‍ കുമരംപുത്തൂര്‍ ചുങ്കം ജംങ്ഷന് വരെയാണ് നടപ്പാതയുടെ ആവശ്യം. കുന്തിപ്പുഴക്ക് സമീപത്തെ എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലാണ് മേല്‍പാലം വേണമെന്ന ആവശ്യമുള്ളത്. തലങ്ങും വിലങ്ങും വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാതയുടെ അരികിലൂടെയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ കാല്‍നടയാത്ര ചെയ്യുന്നത്. മണ്ണാര്‍ക്കാട് നഗരസഭ അതിര്‍ത്തിയില്‍നിന്നും കല്ലടി കോളജ് മുതല്‍ കുന്തിപ്പുഴ ഭാഗം വരേക്ക് റോഡിന്റെ ഇരുവശത്തും കൈവരികളോടു കൂടിയ നടപ്പാതയുണ്ട്.
ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് തിരക്കേറിയ ദേശീയപാത മുറിച്ചുകടക്കാനാണ് മേല്‍പാലം വേണ്ടത്. കൂട്ടമായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ അധ്യാപകര്‍ സഹായത്തിന് നില്‍ക്കുകയാണ് പതിവ്. ഇവിടെ സീബ്രാലൈനുണ്ടെങ്കിലും റോഡ് മുറിച്ച് കടക്കാന്‍ കാത്തുനില്ക്കുന്ന വിദ്യാര്‍ഥികളെ വകവെക്കാതെ പലപ്പോഴും വാഹനങ്ങള്‍ കടന്നുപോകുന്നതും പ്രയാസമുണ്ടാക്കുന്നു. ചരിവോടുകൂടിയതും കയറ്റവും ഇറക്കവും ചേര്‍ന്നതുമായ നിലയിലാണ് ദേശീയപാത കോളജ് ഭാഗത്ത് സ്ഥിതിചെയ്യുന്നത്.
വാഹനങ്ങള്‍ക്ക് നിയന്ത്രണം തെറ്റാനും അപകടങ്ങള്‍ സംഭവിക്കാനും സാധ്യത ഏറെയുമാണ്. റോഡ് നവീകരിച്ചപ്പോള്‍ നടവഴി ഇല്ലാതായതാണ് പ്രതിസന്ധിക്ക് കാരണമായത്. നിലവില്‍ പാതയുടെ ഇരുവശങ്ങളും കാല്‍നടയാത്രക്ക് പാകമല്ല. കല്ലുംമണ്ണും ചാലുകളും നിറഞ്ഞതിനാല്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി റോഡിലേക്ക് കയറി നടക്കുന്നുമുണ്ട്. ഇത് കാണുന്നവരിലും ആശങ്കയുണ്ടാക്കും.
കോളജ്, സ്കൂള്‍, പഞ്ചായത്ത്, വില്ലേജ്, കെ.എസ്.ഇ.ബി ഓഫിസ്, ബാങ്കുകള്‍ തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കുന്ന കല്ലടി കോളജ് മുതല്‍ ചുങ്കം വരെയുള്ള ഭാഗത്തായാണ്. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ സ്കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ നടപ്പാത അനിവാര്യമാണ്. ഇതിന് നടപടിയാവശ്യപ്പെട്ട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി പി.ടി.എ ഗ്രാമപഞ്ചായത്ത് മുതല്‍ മന്ത്രിതലം വരെ പരാതി നല്‍കിയിരുന്നു. പുതിയ അധ്യയനവര്ഷമെത്തുമ്പോഴേക്കും നടപ്പാതയുടെയും മേല്പാലത്തിന്റെയും കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള വഴിയാത്രക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.