പാലക്കാട്: ഒരു സ്റ്റാമ്പിലൂടെ വെറുമൊരു കടലാസ് മാത്രമല്ല, ഒരു കാലഘട്ടമാണ് നമ്മുടെ മുമ്പിൽ കഥപറയാനെത്തുന്നത്. അത്ര ലളിതമല്ല, സ്റ്റാമ്പ് ശേഖരണമെന്ന് കാട്ടിത്തരികയാണ് പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽ ഭാരതീയ തപാൽവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പാംപെക്സ് സ്റ്റാമ്പ് പ്രദർശനം. പാലക്കാട്, ഒറ്റപ്പാലം പോസ്റ്റൽ ഡിവിഷനുകൾ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
തിരു-കൊച്ചി രാജ്യത്തിന്റെയുൾപ്പെടെയുള്ള സ്റ്റാമ്പും മുദ്രയും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തപാൽ വിനിമയത്തിന്റെ ചരിത്രം വരെ സ്റ്റാമ്പുകളിലൂടെ പറഞ്ഞുതരുന്നു. ശ്രീബുദ്ധന്റെ ചിത്രം ആലേഖനം ചെയ്തവ, പരിസ്ഥിതി, കൃഷി, ഇന്ത്യൻ റെയിൽവേ എന്നിവയുടെ തീമാറ്റിക്ക് കളക്ഷനുകൾ, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്തിറക്കിയ സ്റ്റാമ്പുകൾ, ഗാന്ധിജിയുടെ ചിത്രവുമായി ലോകത്തിറങ്ങിയ ഒട്ടുമിക്ക സ്റ്റാമ്പുകൾ എന്നിവയുടെ അപൂർവ ശേഖരം പ്രദർശനത്തിലുണ്ട്.
പ്രദർശനം ബി.എസ്.എൻ.എൽ പാലക്കാട് പ്രിൻസിപ്പൽ ജനറൽ മാനേജർ വി.എസ്. ഇളന്തിരൈ ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല പോസ്റ്റുമാസ്റ്റർ ജനറർ സയ്ദ് റഷീദ് അധ്യക്ഷത വഹിച്ചു. ഉത്തര മേഖല പോസ്റ്റൽ ഡയറക്ടർ എൻ.ആർ. ഗിരി, പി.എം. ശ്രീവത്സൻ എന്നിവർ സംസാരിച്ചു. പാലക്കാട് ഡിവിഷൻ സീനിയർ പോസ്റ്റൽ സൂപ്രണ്ട് നാഗാദിത്യകുമാർ സ്വാഗതവും ഒറ്റപ്പാലം ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് എം.കെ. ഇന്ദിര നന്ദിയും പറഞ്ഞു. പ്രദർശനം ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.