പാലക്കാട്: കെ. സുരേന്ദ്രൻ രാജിവെക്കാതെ, അയാളെ പുറത്താക്കാതെ കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടില്ലെന്നും എന്നാൽ, അയാൾ ഒരിക്കലും രാജിവെക്കരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും മാരാർജി ഭവനിൽനിന്ന് അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കാതെ ആ പാർട്ടി കേരളത്തിൽ രക്ഷപ്പെടില്ല. സുരേന്ദ്രൻ ബഹിരാകാശത്തെ നേതാവാണ് -സന്ദീപ് വാര്യർ പറഞ്ഞു.
‘പാലക്കാട് നിയമസഭമണ്ഡലത്തിൽ ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയിരിക്കുകയാണ്. കെ. സുരേന്ദ്രനാണ് ബി.ജെ.പിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം. സന്ദീപ് വാര്യർ ഏതുവരെ പോകുമെന്ന് നോക്കാം, സന്ദീപ് ചീള് കേസാണ്, ഒരു സന്ദീപ് പോയാൽ 100 സന്ദീപ് വരും എന്നുപറഞ്ഞ് വെല്ലുവിളിച്ചവർക്കുള്ള മറുപടിയാണിത്. എനിക്ക് പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ട്. അവർ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഡി.സി.സി പ്രസിഡന്റ്, ഷാഫി പറമ്പിൽ, ശ്രീകേണ്ഠട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഉജ്വലമായ തെരഞ്ഞെടുപ്പ് പ്രവർത്തനം വിജയത്തിന് കാരണമാണ്.
ഇവർ വഞ്ചിച്ചത് ബലിദാനികളെയാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കെ. സുരേന്ദ്രനാണ്. സുരേന്ദ്രൻ രാജിവെക്കാതെ, അയാളെ പുറത്താക്കാതെ ബി.ജെ.പി രക്ഷപ്പെടില്ല. ഞാൻ ആഗ്രഹിക്കുന്നത് അയാൾ രാജിവെക്കരുത് എന്നാണ്. കൃഷ്ണകുമാർ സ്ഥാനാർഥിയായത് കൊണ്ടാണ് ഇത്രവലിയ തിരിച്ചടി ബി.ജെ.പി നേരിട്ടത്. പാൽ സൊസൈറ്റിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ, പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ, നഗരസഭയിലാണെങ്കിലും കൃഷ്ണകുമാർ, ലോക്സഭയിൽ കൃഷ്ണകുമാർ, നിയമസഭയിൽ തെരഞ്ഞെടുപ്പ് നടന്നാലും കൃഷ്ണകുമാർ എന്ന തരത്തിൽ കൃഷ്ണകുമാറും ഭാര്യയുമാണ് പാലക്കാട്ടെ ബി.ജെ.പി എന്ന് എഴുതിക്കൊടുത്ത ബി.ജെ.പി നേതൃത്വം തന്നെയാണ് ഈ പരാജയത്തിന്റെ ഉത്തരവാദി. പാലക്കാട്ട് സന്ദീപിന്റെ എഫക്ടാണെന്ന് ഞാൻ ഒരിക്കലും പറയില്ല, യു.ഡി.എഫ് പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പിൽ രാഹുൽ നേടിയ വിജയം’ -സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.
അുതസമയം, ബി.ജെ.പി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നത് അരക്കിട്ടുറപ്പിച്ചതായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ‘സന്ദീപ് വാര്യർ വന്നതുകൊണ്ട് ആർ.എസ്.എസ് കുറേക്കൂടി ശക്തമായി പ്രവർത്തിച്ചുവെന്നും കോൺഗ്രസിന് നഷ്ടമാകുമെന്നും പ്രചാരണം ഉണ്ടായിട്ടുണ്ട്. എന്നാൽ, വോട്ടൊന്നും നഷ്ടമായിട്ടില്ല. സന്ദീപ് വന്നു എന്ന മെച്ചമുണ്ടായിട്ടുണ്ട്. അതല്ലാതെ ഒന്നുമില്ല. ബി.ജെ.പി സ്ഥാനാർഥി കൃഷ്ണകുമാർ എല്ലാ തെരഞ്ഞെടുപ്പിലും അവരുടെ സ്ഥാനാർഥിയാണ്. ഒരാൾ എല്ലാ സീറ്റിലും കയറി മത്സരിക്കുന്നത്കൃഷ്ണകുമാറിന് തിരിച്ചടിയായിട്ടുണ്ടാകും’ -മുരളീധരൻ ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നും യു.ഡി.എഫിന് ലീഡ് ചെയ്യാൻ കഴിയാതിരുന്ന പാലക്കാട് നഗരസഭ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതി. എൽ.ഡി.എഫ് അവസാന ദിവസം ഇറക്കിയ പരസ്യം ഇടതിനെ സ്നേഹിക്കുന്നവരെ തന്നെ ശത്രുക്കളാക്കി. അതാണ് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയിട്ട് പോലും എൽ.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിയാതിരുന്നത്. സി.പി.എമ്മിന് ഒരടി നൽകണമെന്ന് ഇടതിനെ സ്നേഹിക്കുന്നവരും തീരുമാനിച്ചതാണെന്ന് ഫലം പരിശോധിച്ചാൽ കാണാൻ കഴിയും. അത് കൊണ്ട് പാലക്കാട്ടെ വിജയം നല്ല തിളക്കമാർന്ന വിജയമാണ്’ -മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.