പാലക്കാട്: കെ സ്മാർട്ട് സോഫ്റ്റ് വെയറിനെതിരെ പരിഭവവുമായി നഗരസഭ കൗൺസിൽ. വ്യാഴാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ ബി.ജെ.പി, യു.ഡി.എഫ് കൗൺസലർമാർ നിലവിൽ നഗരസഭ പ്രവർത്തനങ്ങളെ സോഫ്റ്റ് വെയർ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാണിച്ചു.
കെ സ്മാർട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തലവേദനയാവുകയാണെന്ന് ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞു. കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ കെ സ്മാർട്ട് കൊണ്ടുവന്നതോടെ സംവിധാനങ്ങൾ ആകെ തകരാറിലായി. നിലവിൽ നികുതിയടക്കാനടക്കം തടസ്സം നേരിടുന്നതോടെ ശമ്പളമടക്കം മുടങ്ങുന്ന സ്ഥിതിയാണെന്നും ചെയർപേഴ്സൻ പറഞ്ഞു.
മറ്റ് ജില്ലകളിൽ പരിശീലനം പൂർത്തിയായപ്പോൾ ജില്ലയിൽ അക്ഷയ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടില്ല. 15 രൂപക്ക് നഗരസഭയിൽ നൽകുന്ന സേവനം അക്ഷയകളിൽ 90 രൂപ നൽകി ദിവസങ്ങളോളം കാത്തിരുന്നാലാണ് ലഭ്യമാവുന്നതെന്ന് കൗൺസിലർമാർ പറഞ്ഞു. പല രേഖകളും മാറ്റാനോ തിരുത്താനോ സാധിക്കുന്നില്ലെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് അറിയിച്ചു.
വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ചെയർപേഴ്സൻ പറഞ്ഞു.
ക്ഷേമ പെൻഷൻ ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ കൃത്യമായി ലഭിക്കാത്തതിനാൽ പെൻഷൻ മുടങ്ങുന്നത് പതിവുസംഭവമാണെന്ന് കൗൺസിലിൽ വിമർശനമുയർന്നു. വാർഡുസഭകൾ ചേരുന്നത് വേഗത്തിലാക്കും. കൗൺസിലർമാരുടെ പരാതികൾ ക്രോഡീകരിച്ച് തദ്ദേശമന്ത്രിയെ അടുത്ത ദിവസം അറിയിക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.