മുതലമട: മുതലമട പഞ്ചായത്തിലെ ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡൻറ് എന്നിവരുടെ സത്യഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക്.
ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകിയ 20 കോടിയിലധികം രൂപയുടെ പദ്ധതികളാണ് അനാവശ്യ അവധികളാലും ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പക്ഷപാതിത്വം മൂലവും പഞ്ചായത്തിൽ നടപ്പാക്കാതിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് കല്പനദേവി പറഞ്ഞു. ഇതുമൂലം ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് സേവനങ്ങൾ ലഭ്യമാകാതെ പ്രതിസന്ധിയിൽ.
വൈദ്യുതിയില്ലാത്ത ആദിവാസി കുടിലുകളിൽ സൗരോർജ റാന്തൽ നൽകുന്നത് ഉൾപ്പെടെ കാര്യങ്ങൾ ഉദ്യോഗസ്ഥ അനാസ്ഥ മൂലം നടപ്പിലാക്കാനാകാതെ മുടങ്ങിയതായി വൈസ് പ്രസിഡന്റ് താജുദ്ദീൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തി സമയബന്ധി തമായി ഫണ്ട് വിനിയോഗിച്ച് ആദിവാസികൾക്കടക്കമുള്ള ഭവന പദ്ധതി നടപ്പിലാക്കണം. വിഷയത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ജില്ല കലക്ടറും ഇടപെട്ട് ഫണ്ട് മുഴുവനും ചെലവാക്കുമെന്ന ഉറപ്പ് ലഭിക്കും വരെ രാപ്പകൽ സമരം തുടരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സമരം ചെയ്യുന്നത് പാലക്കാടിന്റെ ചരിത്രത്തിൽ ആദ്യമാണ്. അതേസമയം സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ എത്തിയെങ്കിലും യു.ഡി.എഫിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് സമരത്തിൽ പങ്കെടുക്കാത്തത് ചർച്ചാവിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.