അകത്തേത്തറ: ധോണി മായാപുരത്തും പരിസരത്തും കാട്ടാനക്കൂട്ടമിറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു. നെല്ല്, തെങ്ങ്, കമുക്, വാഴ എന്നി വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. ഏകദേശം രണ്ട് ഏക്കർ സ്ഥലത്തെ നെൽകൃഷി തന്നെ നശിപ്പിച്ചതിൽ ഉൾപ്പെടും. കതിരിട്ട നെൽപ്പാടങ്ങളിലാണ് കാട്ടാനകളുടെ വിളയാട്ടം.
ധോണി സ്വദേശികളായ കണ്ണൻ, സൗന്ദരരാജൻ, വിനു എന്നിവരുടെ കൃഷിയാണ് തിന്നും പിഴുതിട്ടും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. മേഖലയിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി ഒരു കുട്ടി ആനയുൾപ്പെടെ നാല് ആനകളാണ് രാത്രിയും പകലും ഒരു പോലെ ജനവാസ മേഖലക്കടുത്ത കൃഷിസ്ഥലങ്ങളിലെത്തുന്നത്.
ഈ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ നെൽകൃഷി മൂപ്പെത്തുന്ന സമയമാണ്. പാലുറക്കാത്ത നെൽകതിർ മണികൾ പിഴുതു തിന്നാനാണ് ഇവ എത്തുന്നത്. കഴിഞ്ഞ ദിവസം വീടുകളോട് ചേർന്ന വാഴ കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.
രാത്രി ഇരുട്ടാവും മുമ്പേ കാട്ടാനകൾ കാടിറങ്ങി വരുന്നു. അതിരാവിലെയും നെൽപാടങ്ങളിൽ കാട്ടാനകൾ എത്തുന്നുണ്ട്. പ്രദേശവാസികൾ അറിയിക്കുന്നതനുസരിച്ച് എത്തുന്ന വനപാലകരും ദ്രുത പ്രതികരണ സേനയുമാണ് കാട്ടാനകളെ കാടുകയറ്റാറ്.
എന്നാൽ വൈകാതെ തന്നെ അവ വീണ്ടും നാട്ടിലിറങ്ങാറാണ് പതിവ്. പുതുപ്പരിയാരം, അകത്തേത്തറ ഗ്രാമപഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായതോടെ ഏത് രീതിയിൽ കൃഷി സംരക്ഷിക്കുമെന്നറിയാതെ ആശങ്കയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.