പാലക്കാട്: ഓണത്തിന്റെ ഗതകാല സ്മരണകളിൽ ആദ്യം ഓടിയെത്തുന്ന ചിത്രങ്ങളാണ് മുറ്റത്തെ പൂക്കളവും നടുവിലെ ഓണത്തപ്പനും. കളിമണ്ണിൽ കുഴച്ചുണ്ടാക്കിയ ഓണത്തപ്പൻ നാട്ടിൻപുറങ്ങളിലെ മുറ്റങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത കാഴ്ചയാണ്. തൃക്കാക്കരപ്പൻ, മാതേവർ എന്നിങ്ങനെ പ്രാദേശികമായി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഓണത്തപ്പനെ ആചാരാനുഷ്ഠാനങ്ങളോടെയാണ് മുറ്റത്ത് പ്രതിഷ്ഠിക്കുക. കനത്ത മഴയുണ്ടെങ്കിലും നഗരത്തിലെ വഴിയോര വാണിഭങ്ങളിൽ ഓണത്തപ്പനും സ്ഥാനം പിടിച്ചുകഴിഞ്ഞു. നാല് ചെറിയ രൂപവും മൂന്ന് വലിയ രൂപവും ഇവ വെക്കാനുള്ള പീഠവും ഉൾപ്പെടെ ഒരു സെറ്റ് ആയാണ് ഓണത്തപ്പൻ വിൽപനക്ക് തയാറായിട്ടുള്ളത്. 250 രൂപ മുതലാണ് വില. ഓണത്തിന് ഒന്നര മാസം മുമ്പ് തന്നെ ഓണത്തപ്പനെ തയാറാക്കണമെന്ന് വിൽപനക്കാരായ കൊട്ടേക്കാട് വേനോലി സ്വദേശികളായ മാരിമുത്തുവും വിജിയും പറഞ്ഞു.
കളിമണ്ണ് നന്നായി പതം വരുത്തി പിരമിഡ് രൂപത്തിൽ കുഴച്ചെടുക്കുന്ന രൂപങ്ങൾ വെയിലിൽ ഉണക്കിയാണ് പരുവമാക്കിയെടുക്കുന്നത്. ഇതിനായി നേരത്തെ തന്നെ രൂപങ്ങൾ നിർമിച്ചെടുക്കണം. എന്നാൽ ഇത്തവണ കനത്ത മഴമൂലം വെയിലിൽ ഉണക്കാനായില്ല. മുറിയിൽ വെച്ചും മറ്റുമാണ് ഉണക്കിയെടുത്തതെന്ന് മാരിമുത്തു പറഞ്ഞു.
കളിമണ്ണ് ദൗർലഭ്യമുള്ളതിനാൽ പുറത്തുനിന്ന് വാങ്ങിയാണ് നിർമാണം. മൺപാത്രതൊഴിലാളികളായ മാരിമുത്തുവും വിജിയും ഓണക്കാലത്ത് പതിവായി കോട്ടമൈതാനത്തിന് മുന്നിലെ റോഡോരത്ത് ഓണത്തപ്പനുമായി വിൽപ്പനക്കെത്താറുണ്ട്.
കഴിഞ്ഞതവണ മെച്ചപ്പെട്ട കച്ചവടമുണ്ടായിരുന്നെങ്കിലും ഇത്തവണ മഴ ശക്തമായി തുടരുന്നത് ആശങ്കയാണെന്നും ഇരുവരും പറഞ്ഞു. മഴ പെയ്യുമ്പോൾ ടാർപായ കൊണ്ട് മൂടിവെച്ചാണ് കച്ചവടം. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഭേദപ്പെട്ട കച്ചവടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ഓണത്തപ്പൻ വാമനൻ ആണെന്നും മാവേലി ആണെന്നും പ്രാദേശികമായി പലതരത്തിലുള്ള വിശ്വാസങ്ങളുണ്ട്. വീടുകളിൽ ആചാരാനുഷ്ഠാനങ്ങളോടെയാണ് ഓണത്തപ്പനെ വെക്കാറുള്ളത്. ഉത്രാടത്തിന് പൂക്കളത്തിന് സമീപം നാക്കിലയിലാണ് ഓണത്തപ്പന്റെ രൂപങ്ങൾ വെക്കുക. അതില്‍തന്നെ നടുവില്‍ വലിയ തൃക്കാക്കരയപ്പനും ഇരുവശങ്ങളിലും താരതമ്യേന ചെറുതുമായ രൂപങ്ങളായിരിക്കും വെക്കുക. ശേഷം കൃഷ്ണകിരീടം, ചെണ്ടുമല്ലി, തുമ്പ, ചെമ്പരത്തി തുടങ്ങിയ നാടൻപൂക്കൾ വെച്ച് അലങ്കരിക്കും. തിരുവോണ നാളിൽ ഓണത്തപ്പനൊപ്പം മഹാബലിയുടെ രൂപവും വെക്കും. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി, ആട്ടുകല്ല് തുടങ്ങിയവരോടൊപ്പമാണ് മഹാബലിയെ പ്രതിഷ്ഠിക്കുക. ഓരോ ദിവസവും പ്രത്യേക പൂജകളും നിവേദ്യങ്ങളും ഉണ്ടാകും. തിരുവോണം കഴിഞ്ഞ് നാലാംനാൾ ഇതെല്ലാം എടുത്തുമാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.