ഒറ്റപ്പാലം: നാടും നഗരവും തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാകുമ്പോൾ ഭീതിയോടെ ജനം. നായ്ക്കളുടെ വംശവർധന നിയന്ത്രിക്കാൻ സർക്കാർ നടപ്പാക്കിയ എ.ബി.സി പദ്ധതി കൊണ്ട് കാര്യമായ പ്രയോജനമൊന്നും നേടാനായിട്ടില്ല. 36 വാർഡുകളുള്ള ഒറ്റപ്പാലം നഗരസഭയിൽ ഡിസംബറിൽ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കിയത് കേവലം 19 തെരുവുനായ്ക്കളെ മാത്രണ്.
ഒരു വാർഡിലെ തെരുവുനായ്ക്കളുടെ കണക്കെടുത്താൽ തന്നെ ഇതിന്റെ പലമടങ്ങുണ്ടെന്നതാണ് വസ്തുത. മറ്റു തദ്ദേശ സ്ഥാപനങ്ങളെടുത്താലും സ്ഥിതി സമാനമാണ്. ചെർപ്പുളശ്ശേരിയിൽ 36 ഉം അമ്പലപ്പാറയിൽ 26 ഉം ചളവറയിൽ 37 ഉം ഉൾപ്പടെ 116 നായ്ക്കളെയാണ് ഡിസംബറിൽ വന്ധ്യംകരണത്തിന് വിധേയമാക്കിയതെന്ന് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ ബന്ധപ്പെട്ടവർ അവതരിപ്പിച്ച കണക്ക് സാക്ഷ്യപ്പെടുത്തുന്നു.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽനിന്ന് പിടികൂടുന്ന തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള ഏക സംവിധാനം ഒറ്റപ്പാലം മൃഗാശുപത്രിയാണ്. കച്ചവട സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന മാർഗം തടസ്സപ്പെടുത്തി നായ്ക്കളുടെ സംഘങ്ങൾ നിലയുറപ്പിക്കുന്നത് ഭീഷണിയായി മാറിയിട്ടുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ കഴിഞ്ഞ ദിവസം ഒറ്റപ്പാലം സബ് കലക്ടർക്ക് പരാതി നൽകിയിരുന്നു.
മേഖലയിൽ ഉടനീളം നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത് പുതുമയില്ലാത്ത സംഭവമായി മാറിയിരിക്കുകയാണ്. കടിയേറ്റ രോഗിയുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിയാൽ കുത്തിവെപ്പിന് മരുന്നില്ലാത്തതാണ് മറ്റൊരു ദുരിതം. താരതമ്യേന വില കൂടുതലുള്ള മരുന്നായതിനാൽ അപൂർവമായി മാത്രമാണ് വിതരണം നടക്കുന്നതെന്നാണ് പ്രതിസന്ധിക്ക് കാരണമായി ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഷെൽറ്ററുകളിൽ പാർപ്പിക്കണമെന്ന നിബന്ധന കടലാസിൽ ഒതുങ്ങി. മേഖലയിലെ ഒരു തദ്ദേശ ഭരണ സ്ഥാപനത്തിന് കീഴിലും ഇത്തരത്തിൽ നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടറുകൾ നിലവിലില്ല. ഇതുമൂലം വന്ധ്യംകരിച്ച നായ്ക്കളെ പൊതുസ്ഥലത്ത് കൊണ്ടുവിടുകയാണ്. ദൂര ദിക്കുകളിൽ തിരികെ എത്തിക്കാനുള്ള അധ്വാനം കണക്കിലെടുത്ത് ഒറ്റപ്പാലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നായ്ക്കളെ കൊണ്ടുവിടുന്നു എന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ട്. ഷെൽട്ടറുകൾ സ്ഥാപിക്കാൻ സ്വകാര്യ വ്യക്തികൾ തയാറാണെങ്കിലും അനുമതിയെക്കുറിച്ചുള്ള ആശങ്കയാണ് ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.