ഒറ്റപ്പാലം: എട്ടര പതിറ്റാണ്ട് പാരമ്പര്യമുള്ള പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടിയ റെയിൽവേ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം.
ജനുവരി ഒന്നിന് നടന്ന അടച്ചുപൂട്ടലിനെ റെയിൽവേയുടെ ‘പുതുവത്സര സമ്മാന’മെന്ന നിലയിൽ ആക്ഷേപഹാസ്യമായും ജനം വിമർശിക്കുന്നുണ്ട്.
ഒമ്പത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനിൽ ആദ്യദിനം ഉത്തരവ് മറികടന്ന് രണ്ട് ട്രെയിനുകൾ രാവിലെ നിർത്തിയിരുന്നു.
സ്റ്റോപ്പ് ഒഴിവാക്കിയ കാര്യം ലോക്കോ പൈലറ്റുമാർ മറന്നതാണ് കാരണം. എന്നാൽ വ്യാഴാഴ്ച സ്റ്റേഷനെ അവഗണിച്ചായിരുന്നു ഒമ്പത് വണ്ടികളും ഓടിയത്. കരാർ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ ടിക്കറ്റ് വിറ്റിരുന്ന ഏജന്റ് ചുമതല ഒഴിഞ്ഞതോടെയാണ് സ്റ്റേഷൻ നടത്തിപ്പ് പ്രതിസന്ധിയിലായത്. കാലാവധി കഴിഞ്ഞ ഏജന്റിന് പകരം ആളെ നിയമിക്കാനായി രണ്ടുതവണ റെയിൽവേ അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ ആരുമെത്തിയില്ല.
ഏജന്റിന്റെ കാലാവധി ഒക്ടോബർ 28നാണ് അവസാനിച്ചത്. ടിക്കറ്റ് വിൽപന മുടങ്ങാതിരിക്കാൻ പിന്നീട് റെയിൽവേ കൊമേഴ്സ്യൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ നിയോഗിക്കുകയായിരുന്നു. ദീർഘകാലത്തേക്ക് ജീവനക്കാരെ സ്റ്റേഷനിലേക്ക് നിയോഗിക്കാൻ കഴിയില്ലെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു.
ഓൺലൈനായും സീസൺ ടിക്കറ്റെടുത്തും ആളുകൾ യാത്രചെയ്യുന്നതിനാൽ സ്റ്റേഷനിലെ ടിക്കറ്റ് വിൽപന നാമമാത്രമായിരുന്നു. ഇക്കാരണത്താൽ തന്നെ ഏജന്റിന് ലഭിച്ചിരുന്ന പ്രതിഫല തുകയും സാരമായി കുറഞ്ഞതായിരുന്നു. കാലങ്ങളായി പാലപ്പുറം സ്റ്റേഷനെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് റെയിൽവേ അധികൃതരുടെ നടപടി കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.
സ്റ്റേഷൻ നിലനിർത്തണമെന്ന ആഗ്രഹത്തോടെ യാത്രക്കാരുടെ കൂട്ടായ്മ സ്റ്റേഷനിൽനിന്ന് നേരിട്ട് ടിക്കറ്റെടുത്ത് സഹകരിക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു അടച്ചുപൂട്ടൽ. ഇതിനെതിരെ വി.കെ. ശ്രീകണ്ഠൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഉത്തരവ് ഇതുവരെ പിൻവലിക്കാൻ അധികൃതർ തയാറായിട്ടില്ല.
അടച്ചത് നിസ്സാര കാരണങ്ങൾ പറഞ്ഞ് -കെ.പി. മണികണ്ഠൻ (ഒറ്റപ്പാലം കോഓപറേറ്റിവ് അർബൻ ബാങ്ക് ജീവനക്കാരൻ)
തൃശൂർ ജില്ലയിലെ കുത്താമ്പുള്ളി ഉൾപ്പടെയുള്ള പ്രദേശങ്ങളിലുള്ളവരിൽ നല്ലൊരു വിഭാഗം യാത്രക്ക് ആശ്രയിച്ചിരുന്ന സ്റ്റേഷനാണ് പാലപ്പുറം റെയിൽവേ സ്റ്റേഷൻ. കച്ചവടക്കാർ ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്ക് കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സഹായകമായിരുന്ന സ്റ്റേഷനാണ് നിസ്സാര കാരണങ്ങളുടെ പേരിൽ അടച്ചുപൂട്ടിയത്. ഓൺലൈനായും സീസൺ ടിക്കറ്റ് ഇനത്തിലും നിരവധി പേരാണ് ഇവിടെനിന്ന് യാത്ര ചെയ്യുന്നത്. സ്റ്റേഷനിൽനിന്ന് ടിക്കറ്റ് എടുത്തില്ലെങ്കിലും ഇവിടെയെത്തുന്ന യാത്രക്കാരിൽനിന്ന് റെയിൽവേക്ക് വരുമാനമുണ്ടെന്നുള്ളത് വസ്തുതയാണ്. സ്റ്റേഷൻ അടച്ചുപൂട്ടിയതോടെ ട്രെയിനുകളുടെ സ്റ്റോപ്പും ഇല്ലാതായി. റെയിൽവേയുടെ വരുമാന നഷ്ടം പരിഗണിക്കാതെ എടുത്ത തീരുമാനം പുനപരിശോധിച്ച് സ്റ്റേഷൻ തുറക്കാൻ നടപടി സ്വീകരിക്കണം.
റെയിൽവേ നിലപാട് പ്രതിഷേധാർഹം -സ്വാമി ധർമ സ്വരൂപാനന്ദ (ശ്രീരാമകൃഷ്ണ ആശ്രമം സെക്രട്ടറി, മീറ്റ്ന)
നഷ്ടസാധ്യതയും മറ്റും കണക്കുകൂട്ടി സ്റ്റേഷനുകൾ അടച്ചുപൂട്ടുന്ന റെയിൽവേയുടെ നിലപാട് പ്രതിഷേധാർഹമാണ്. ഒറ്റപ്പാലം, ഷൊർണൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താൻ ഏറെ സൗകര്യമുള്ള ട്രെയിൻ യാത്രയാണ് സ്റ്റേഷൻ അടച്ചുപൂട്ടലോടെ വഴിമുട്ടിയത്. നിലവിൽ ഓട്ടോ വിളിച്ചു വേണം മേഖലയിലുള്ളവർക്ക് പാലക്കാട്-കുളപ്പുള്ളി പാതയിലെ കയറമ്പാറയിലെത്തി ബസുകളിൽ യാത്ര തുടരാൻ. നിരവധിപേർ കോഴിക്കോട്ടേക്കും മറ്റുമുള്ള യാത്രകൾക്ക് ഷൊർണൂരിലെത്താൻ ഈ സ്റ്റേഷനെ ആശ്രയിച്ചിരുന്നു.
ടിക്കറ്റ് വിൽക്കാൻ കരാറെടുത്ത ഏജന്റിന് പ്രതിദിനം 100 രൂപ പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു. റെയിൽവേ നേരിട്ട് ടിക്കറ്റ് വിൽപന നടത്തി സ്റ്റേഷൻ നിലനിർത്തേണ്ടതായിരുന്നു. യാത്രക്കാർ പിരിവെടുത്ത് വേതനതുക നൽകിയെങ്കിലും സ്റ്റേഷൻ ഇവിടെ നിലനിർത്തണം.
സ്ഥിരം യാത്രികർ ബുദ്ധിമുട്ടിൽ -പുത്തൻവീട്ടിൽ ശശിധരൻ (എസ്.ആർ.കെ നഗർ)
ഒറ്റപ്പാലം ജഡ്ജി പരേതനായ കൃഷ്ണൻ നായരുടെ ശ്രമഫലമായി 1939ൽ സ്ഥാപിച്ചതാണ് ഈ സ്റ്റേഷൻ. 85 വർഷം പഴക്കമുള്ള സ്റ്റേഷൻ അടച്ചുപൂട്ടിയതോടെ സ്ഥിരം യാത്രക്കാരായ നിരവധിപേരാണ് ബുദ്ധിമുട്ടിലായത്. ഇവരിൽ ഓൺലൈനായും സീസൺ ടിക്കറ്റ് എടുത്തും യാത്രചെയ്യുന്നവരാണ് ഏറെയും. അതുകൊണ്ടുതന്നെ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ടിക്കറ്റ് വിൽപന തുലോം കുറവാണ്. അതേസമയം ഇവിടെനിന്ന് നിത്യേന 60 ലേറെ പേർ യാത്രക്കാരായുണ്ട്. ഏജന്റിന് ടിക്കറ്റ് വിൽപനയിലൂടെ 15 ശതമാനം കമീഷനാണ് ലഭിക്കുന്നത്. രാവിലെ ആറര മുതൽ വൈകീട്ട് ഏഴുവരെ ജോലി ചെയ്യുന്ന ഏജന്റിന് തുച്ഛമായ തുക മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ റെയിൽവേ നേരിട്ട് ആളെ നിർത്തി ടിക്കറ്റ് വിൽനക്ക് സൗകര്യം ഏർപ്പെടുത്തണം.
സ്റ്റേഷൻ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാനും നിർത്തിയ ട്രെയിനുകൾക്ക് പഴയപടി സ്റ്റോപ്പ് പുനഃസ്ഥാപിക്കാനും റെയിൽവേ അധികാരികൾ തയാറാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.