ഒറ്റപ്പാലം: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം സമ്മാനിച്ച മണ്ണിൽ ഡ്രാഗൺ ഫ്രൂട്ടിന്റെ കൃഷിയുമായി തലവര തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലാണ് രാമചന്ദ്രൻ എന്ന 65കാരൻ. അഞ്ചേക്കറിൽ വിളയുന്ന റബറും തെങ്ങും കമുകും കുരുമുളകും തൊട്ട് കോഴിഫാം വരെയുള്ള ഉദ്യമങ്ങളിൽ എന്തുകൊണ്ടും മാധുര്യം 70 സെന്റിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയാണെന്ന് ഇദ്ദേഹം പറയും. ഹൈസ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഗൾഫിൽ ചേക്കേറിയ അമ്പലപ്പാറ കടമ്പൂരിലെ വരിക്കോട്ടിൽ കിഴക്കേക്കര രാമചന്ദ്രൻ, സൗദി അറേബിയയിലും മസ്ക്കറ്റിലുമായാണ് 33 വർഷമാണ് പ്രവാസജീവിതം നയിച്ചത്.
അവിടങ്ങളിലെ ഓയിൽ ഫീൽഡിൽ മെക്കാനിക്കൽ ടെക്നീഷ്യനായിരുന്നു. 2011ൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ രാമചന്ദ്രൻ ഇക്കാലയളവിൽ സ്വന്തമാക്കിയ മണ്ണിൽ കൃഷികൾ ആരംഭിച്ചു. നാണ്യ വിലയെന്ന നിലയിൽ റബറിനായിരുന്നു മുൻഗണന നൽകിയത്. നാട്ടിൽ ആർക്കും ഒരു പരിചയവുമില്ലാത്ത വിദേശ ഇനമായ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ മുതൽ മുടക്കുന്നതിനെ കുറിച്ചുള്ള ആശങ്കകൾ മറികടന്നാണ് പുതിയ കൃഷിക്ക് തുടക്കമിട്ടത്. രണ്ടുവർഷം മുമ്പ് അമ്പലപ്പാറ കൃഷി ഭവനിൽനിന്ന് ലഭിച്ച ഡ്രാഗൺ ഫ്രൂട്ടിന്റെ ഏതാനും തൈകളാണ് പുതിയ പരീക്ഷണത്തിന് നിമിത്തമായത്.
തുടർന്ന് അട്ടപ്പാടിയിൽനിന്ന് 370 തൈകളുമെത്തിച്ച് ആരംഭിച്ച ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇതര കൃഷിയേക്കാൾ തികച്ചും ആദായകരമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ. മുടക്കുമുതലും പരിപാലന ചെലവും താരതമ്യേന കൂടുമെങ്കിലും നഷ്ടസാധ്യത തീരെ കുറവാണെന്ന് സമർഥിക്കുന്ന ഇദ്ദേഹം 400 തൈകൾ കൂടി നടാനുള്ള ഒരുക്കത്തിലാണ്. ഡ്രാഗൺ ഫ്രൂട്ട് കൃഷി സംബന്ധിച്ച മാർഗനിർദേശങ്ങൾക്കും ആശ്രയം യുട്യൂബ് ആയിരുന്നു. പ്രാദേശിക മൊത്ത വ്യാപാരികൾക്കാണ് നിലവിൽ ഡ്രാഗൺ ഫ്രൂട്സ് നൽകിവരുന്നത്.
കിലോക്ക് 130 രൂപയോളം വിലയാണ് ലഭിക്കുന്നത്. മൂന്നാംവർഷം മുതൽക്കാണ് കൂടുതൽ ഫ്രൂട്സ് ലഭിക്കുക. രണ്ടുവർഷം പ്രായമായ 100 തൈകളിൽ നിന്ന് ഏതാണ്ട് 1500 കിലോ പഴങ്ങൾ ലഭിക്കും. ഏപ്രിൽ മുതൽ ഡിസംബർ വരെയാണ് വിളവെടുപ്പ് കാലം. പൂവിരിഞ്ഞ് മുപ്പതാം ദിവസം പഴുത്ത കായ ലഭിക്കും. 2,000 കോഴികൾ വളരുന്ന ഫാമിൽ നിന്നുള്ള വിസർജ്യവും കാലിവളവും വെപ്പ് പിണ്ണാക്ക്, എല്ലുപൊടി എന്നിവയുമാണ് ഇവക്ക് വളമായി നൽകിവരുന്നത്. ഉറുമ്പ്, ഒച്ച് എന്നിവരാണ് കൃഷിയുടെ മുഖ്യശത്രുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.