ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന് ആനകളെ കൂട്ടിയെഴുന്നള്ളിപ്പിക്കാൻ അനുമതിയില്ല. പൂരം ക്രമീകരണങ്ങളുടെ ഭാഗമായി ഏഴ് ദേശം ഭാരവാഹികളെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടന്ന പ്രത്യേക യോഗത്തിൽ സബ് കലക്ടറുടെ ചാർജ് വഹിക്കുന്ന ഡോ. അശ്വതി ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കോവിഡ് നിബന്ധനകൾ കർശനമായി പാലിച്ചായിരിക്കണം പൂരം നടത്താൻ. ഉത്സവങ്ങൾക്ക് 1500 പേരെ പങ്കെടുപ്പിക്കാമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷത്തെ നിബന്ധനകളിൽ അൽപം ഇളവുകൾ അനുവദിച്ചാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ദേശത്തുനിന്നും ഒന്നെന്ന കണക്കിൽ ഏഴ് ദേശങ്ങളിൽ നിന്നായി ഏഴ് ആനകളെ പൂരത്തിന് എഴുന്നളിക്കാൻ അനുമതിയുണ്ട്. ഒരാനക്കൊപ്പം 50 പേർക്ക് അകമ്പടിയാകാം. ദേശക്കമ്മിറ്റികളുടെ അഭ്യർഥനയെ തുടർന്ന് പടിഞ്ഞാറൻ ചേരിയിൽ അഞ്ചും കിഴക്കൻ ചേരിയിൽ രണ്ടും എന്ന ക്രമത്തിൽ ആനകളെ ക്ഷേത്ര മൈതാനത്ത് അണിനിരത്താനും അനുവാദം നൽകി. എന്നാൽ, കൂട്ടിയെഴുന്നള്ളിപ്പിന് അനുവാദമില്ല.
നേരത്തേ ഇരുചേരികളിലും യഥാക്രമം 17ഉം 10ഉം വീതമായിരുന്നു ആനകളെ അണിനിത്തിയിരുന്നത്. ചിനക്കത്തൂരിൽ എഴുന്നള്ളിക്കുന്ന 16 കുതിരക്കോലങ്ങൾക്കൊപ്പം 25 ആളുകളിൽ കൂടാൻ പാടില്ല. കുതിരകളെ തൊഴുത് മടക്കുകയെന്നതോടൊപ്പം ആകാശത്തേക്കിട്ട് പിടിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതിനും അനുവാദം നൽകി. സ്പെഷൽ പൂരാഘോഷ കമ്മിറ്റികൾക്ക് നിരോധനം ഏർപ്പെടുത്തി. ദേശങ്ങളിലെ കലാപരിപാടികൾ തുടരരുതെന്നും നിർദേശിച്ചു.
ദേശങ്ങളിൽനിന്ന് കൂറ്റൻ കുതിരക്കോലങ്ങൾ കടന്നുപോകുന്ന വഴികളിലെ വൈദ്യുതി ലൈനുകളും കേബിളുകളും 16ന് അഴിച്ചുമാറ്റാൻ കെ.എസ്.ഇ.ബിയോടും ചാനൽ പ്രതിനിധികളോടും നിർദേശിച്ചു. കുതിര കാവിലെത്തുന്ന മുറക്ക് ലൈനുകൾ പുനഃസ്ഥാപിച്ചു നൽകണം. ലൈൻ ഓഫ് ചെയ്യുന്നതിനാൽ പമ്പ് ഹൗസിന്റെ പ്രവർത്തനം നിലക്കുമെന്നും ജലവിതരണം തടസ്സപ്പെടുമെന്നും ജല അതോറിറ്റി പ്രതിനിധി അഭിപ്രായപ്പെട്ടു.
പൂരം ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച യോഗം ചേരാനും തീരുമാനിച്ചു. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി, ഷൊർണൂർ ഡിവൈ.എസ്.പി വി. സുരേഷ്, ഒറ്റപ്പാലം സി.ഐ വി. ബാബുരാജ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. 17, 18 തീയതികളിലാണ് പൂരം.
ആന എഴുന്നള്ളിപ്പിന് അനുമതി
പാലക്കാട്: സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ ഉത്സവ കമ്മിറ്റികള്‍ സമര്‍പ്പിച്ച അപേക്ഷമേല്‍ നിബന്ധനകളോടെ ഒരു ആനയെ എഴുന്നള്ളിക്കാന്‍ തീരുമാനമാതായി ജില്ല കലക്ടര്‍ അറിയിച്ചു.
നിബന്ധനകള്‍:
എഴുന്നള്ളിപ്പ് സംബന്ധിച്ച വിവരം 72 മണിക്കൂര്‍ മുമ്പ് വനംവകുപ്പിനെയും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനെയും അറിയിക്കണം.
നാട്ടാന പരിപാലന ചട്ടം പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കണം.
ദേശ പൂരങ്ങളില്‍ എഴുന്നള്ളിപ്പുകളുടെ ഒത്തുചേരല്‍ അനുവദിക്കില്ല.
ആചാരപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ സമയം മാത്രമേ എഴുന്നള്ളിപ്പുകള്‍ക്ക് അനുവദിക്കൂ.
കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
ആനപ്പുറത്ത് കുട്ടികളെ കയറ്റരുത്.
ലഹരി വസ്തുക്കള്‍ ഉപയോഗിച്ച പാപ്പാന്മാരെ ആനയെ നിയന്ത്രിക്കുന്നതിന് അനുവദിക്കരുത്.
പകല്‍ 11 മുതല്‍ വൈകീട്ട് 3.30 വരെ ആനകളെ എഴുന്നള്ളിക്കരുത്.
എഴുന്നള്ളിക്കുന്ന ആനകളെ എഴുന്നള്ളിപ്പിന് മൂന്നു മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം, വനം-പൊലീസ്-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ പരിശോധനക്ക് ഹാജരാക്കണം.
ഈ നിർദേശങ്ങള്‍ അനുസരിച്ച് മാത്രമേ ആന എഴുന്നള്ളിപ്പ് നടത്താന്‍ അനുമതി ലഭിക്കുകയുള്ളൂവെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.