ഒറ്റപ്പാലം: കാറ്റിലും മഴയിലും മേഖലയിൽ മരങ്ങൾ കടപുഴകി അപകടങ്ങൾ പതിവായിട്ടും ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലെ മരം മുറിച്ചുനീക്കൽ അനന്തമായി നീളുന്നു. ശക്തമായ കാറ്റിനെ അതിജീവിക്കാനാവാത്ത പാഴ്മരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണിത്.
ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പാചകപ്പുരയുടെ മുകളിലേക്ക് ചാഞ്ഞാണ് മരത്തിന്റെ നിൽപ്പ്. കഴിഞ്ഞ വർഷമാണ് പാചകപ്പുര പ്രവർത്തിച്ചുതുടങ്ങിയത്. ഇതിന്റെ ഭാഗമായി അപകടഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മരത്തിന്റെ ശിഖരം പൊട്ടിവീണെങ്കിലും സമീപത്ത് കുട്ടികളാരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഒരുവട്ടം മരം മുറിച്ചുനീക്കാൻ ആളുകൾ എത്തിയെങ്കിലും പ്രവൃത്തി ദിവസമായതിനാൽ കുട്ടികളുടെ സുരക്ഷയെ കരുതി ഒഴിവാക്കുകയായിരുന്നു. സ്കൂൾ അധികൃതർക്ക് മുൻകൂട്ടി വിവരം നൽകാതെയാണ് മരം മുറിക്കാൻ തൊഴിലാളികൾ എത്തിയത്. ഇതിന് ശേഷം പ്രശ്നപരിഹാരത്തിനായി ആരും തിരിഞ്ഞുനോക്കിയിട്ടില്ല. വൈദ്യുതി ലൈൻ കടന്നുപോകുന്നത് മരത്തിന് സമീപമാണ്. ഉടൻ മരം മുറിച്ചുനീക്കാൻ നടപടി വേണമെന്ന് സ്കൂൾ പി.ടി.എ പ്രസിഡൻറ് പി.എം.എ ജലീൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.