ഒറ്റപ്പാലം: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ അമ്പലപ്പാറ പഞ്ചായത്ത് മൈതാനം നവീകരണത്തിന് പച്ചക്കൊടി. മൈതാനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിന് പിറകെ ടെൻഡർ നടപടി ആരംഭിച്ചു. അമ്പലപ്പാറയിലെ തലമുറകൾ നെഞ്ചേറ്റിയ സ്വപ്ന പദ്ധതിയാണ് നവീകരണ നടപടികൾക്ക് തുടക്കമിട്ടതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. 2022-23ലെ സംസ്ഥാന ബജറ്റിൽ ഒരുകോടി രൂപയാണ് മൈതാനം നവീകരിക്കാൻ അനുവദിച്ചിട്ടുള്ളത്. രാപ്പകൽ ഭേദമില്ലാതെ കളിക്കാൻ സൗകര്യപ്പെടും വിധത്തിൽ മൾട്ടി പർപ്പസ് സംവിധാനത്തിലാണ് മൈതാനം നവീകരിക്കുക.
കേരള സ്പോർട്സ് ഫൗണ്ടേഷനാണ് നവീകരണ പ്രവൃത്തികളുടെ ചുമതല. ലൈറ്റ് സംവിധാനത്തോടെയുള്ള നവീകരണത്തിൽ ജിംനേഷ്യം, മഡ് ഫുട്ബാൾ കോർട്ട്, മഡ് വോളിബാൾ കോർട്ട്, മഡ് കബഡി കോർട്ട്, കായിക ഉപകരണങ്ങൾ സ്ഥാപിക്കൽ, സംരക്ഷണ ഭിത്തി, ഗേറ്റ്, അഴുക്കുചാൽ, വൈദ്യുതീകരണം തുടങ്ങിയവ ഉൾപ്പെടും. അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സമീപമുള്ള ഒരേക്കറിലേറെ വിസ്തൃതിയിലുള്ള മിച്ചഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് മൈതാനമാക്കിയത് 1985 കാലത്താണ്.
ഇതിന്റെ ഒരറ്റത്ത് സ്റ്റേജും രണ്ട് മുറികളും രണ്ട് ശുചിമുറികളും നിർമിച്ച് 1988ലാണ് കളിസ്ഥലം ഉദ്ഘാടനം ചെയ്തത്. പിന്നീട് ചുറ്റുമതിലും യാഥാർഥ്യമാക്കി. എന്നാൽ, തുടർന്ന് യാതൊരു അറ്റകുറ്റപ്പണികളും നടക്കാത്തതുമൂലം എല്ലാം താളംതെറ്റി. കാലപ്പഴക്കവും സംരക്ഷണത്തിന്റെ അഭാവവും മൂലം സ്റ്റേജ് ഉൾപ്പടെയുള്ള മുറികൾ ശോച്യാവസ്ഥയിലായി. കഴിഞ്ഞ വർഷം നാല് ലക്ഷം രൂപ ചെലവിട്ട് നടത്തിയ അറ്റകുറ്റപണികളാണ് ഇതിനൊരു അപവാദം. സ്റ്റേജ്, മുറികൾ എന്നിവയുടെ നവീകരണമാണ് ഇതിലൂടെ നടന്നത്. വൈദ്യുതി കണക്ഷൻ ഇനിയും ലഭിച്ചിട്ടില്ല. മൈതാനത്തിലൂടെ കുത്തിയൊഴുകുന്ന വെള്ളം സംരക്ഷണഭിത്തിക്ക് ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.