ഒറ്റപ്പാലം നഗരസഭയുടെ മാസ്റ്റർ പ്ലാനിന് സർക്കാറിൻെറ പ്രസിദ്ധീകരണാനുമതി

ഒറ്റപ്പാലം: രണ്ട് പതിറ്റാണ്ട് മുന്നിൽ കണ്ട് സമഗ്ര വികസന പദ്ധതികളുമായി തായ്യാറാക്കിയ ഒറ്റപ്പാലം നഗരസഭയുടെ മാസ്റ്റർ പ്ലാനിന് സർക്കാറിൻെറ പ്രസിദ്ധീകരണാനുമതി ലഭിച്ചു. ഇക്കാര്യം ചർച്ച ചെയ്യാനായി ചൊവ്വാഴ്ച ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ടൗൺ പ്ലാനിങ് വകുപ്പ് പ്രതിനിധികൾ  പദ്ധതികൾ വിശദീകരിച്ചു.

2013 - 14 കാലയളവിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് റിസർച്ച് സെൻററിൻെറ (നാറ്റ്പാക് ) നേതൃത്വത്തിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് മാസ്റ്റർ പ്ലാൻ . ജില്ലാ നഗരാസൂത്രണ വിഭാഗത്തിൻെറ പരിശോധനയും പൂർത്തിയാക്കി. 2019 സെപ്റ്റംബർ 27 ന് ചേർന്ന കൗൺസിലിൻെറ അംഗീകാരത്തോടെ സർക്കാരിന് സമർപ്പിച്ചു. 2021 ജൂൺ 28 നാണ് സർക്കാറിൻെറ പ്രസിദ്ധീകരണാനുമതി ലഭിച്ചത്.

ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും സ്വീകരിച്ച ശേഷമായിരിക്കും അന്തിമ മാസ്റ്റർ പ്ലാനിന് രൂപം നൽകുക.  പൊതുജനങ്ങളുടെ അറിവിലേക്കായി നഗരസഭയുടെ വെബ് സൈറ്റിൽ മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കും. വാർഡുകൾ തോറും അഭിപ്രായ ശേഖരണത്തിനായി പെട്ടികൾ സ്ഥാപിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി. അഭിപ്രായങ്ങളും പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ സർക്കാർ അനുമതി ലഭിച്ചത് മുതൽ 60 ദിവസമാണ് അനുവദിച്ചിട്ടുളളത്. ഭേദഗതികൾ വരുത്തി ആഗസ്റ്റ് 28 ന് മുമ്പായി ഗസറ്റിൽ പ്രസിദ്ധീകരിക്കാനാണ് നിർദേശമെന്നും നഗരസഭ അധികൃതർ പറഞ്ഞു. ഇതിനായി ഒരു കമ്മിറ്റി രൂപവൽക്കരിക്കാനും ധാരണയായി.

വാണിജ്യ , വ്യവസായ, കാർഷിക, ജനവാസ മേഖലകളായി തിരിച്ച്  വികസനം നടപ്പാക്കാനാണ് മാസ്റ്റർ പ്ലാൻ നിർദേശിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത്തിന് പുതിയ പാതയും ചിൽഡ്രൻസ് പാർക്കും ആധുനിക അറവ് ശാലയും ടൗൺ ഹാൾ, ലൈബ്രറി ട്രക്ക് ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങളും തുടങ്ങിയ സമഗ്ര വികസന പദ്ധതികളാണ് മാസ്റ്റർ പ്ലാൻ മുന്നോട്ടുവെച്ചിട്ടുള്ളത്. നഗരസഭ അധ്യക്ഷ കെ.ജാനകി ദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥരായ കെ.പ്രദീപ്, കെ.രഞ്ജിത്ത്, എം.ശരത് ശങ്കർ , എ.,എൻ സുഭാഷ് എന്നിവരും കൗൺസിലർമാരും പങ്കെടുത്തു. 

Tags:    
News Summary - Government approval for master plan of Ottapalam municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.