ഒറ്റപാലം: തലമുറകൾ നെഞ്ചേറ്റിയ ഇൻഡോർ സ്റ്റേഡിയം എന്ന പദ്ധതി ഒറ്റപ്പാലത്ത് യാഥാർഥ്യത്തിലേക്ക്. 10 കോടി രൂപ ചെലവിൽ കണ്ണിയംപുറം ഗവ. ബധിര സ്കൂൾ കോമ്പൗണ്ടിലാണ് സ്റ്റേഡിയം ഉയരുക. പദ്ധതിക്ക് ഭരണാനുമതിയായി. സാങ്കേതികാനുമതി കൂടി ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടികൾ പൂത്തിയാക്കി നിർമാണ പ്രവർത്തികൾ ആരംഭിക്കുമെന്ന് അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ പറഞ്ഞു. ഒരേക്കറിലേറെ സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കുക. സ്ഥലം ഏറ്റെടുപ്പ് നേരത്തെ പൂർത്തിയായി. സ്ഥല പരിമിതി കണക്കിലെടുത്ത് ഇൻഡോർ സ്റ്റേഡിയം പദ്ധതി ഒറ്റപ്പാലം സ്റ്റേഡിയത്തിൽ പരിമിതപ്പെടുത്തിയിരിക്കയാണ്.
2021-22 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട പദ്ധതിയാണിത്. കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് ഫൌണ്ടേഷൻ കേരളക്കാണ് സ്റ്റേഡിയത്തിന്റെ നിർമാണ ചുമതല. 2157.12 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റേഡിയം ആത്യാധുനിക സൗകര്യത്തോടുകൂടിയ മൾട്ടി പർപ്പസ് ലക്ഷ്യത്തോടെയാണ് നിർമിക്കുന്നത്. റാമ്പ് സൗകര്യത്തോടെ ഇൻഡോർ ഗെയിംസ് കളിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. രണ്ട് ബാസ്ക്കറ്റ് ബോൾ കോർട്ടും ആറ് ഷട്ടിൽ ബാഡ്മിൻറൺ കോർട്ടുകളും നാല് വോളിബാൾ കോർട്ടുകളും ഉൾപ്പെട്ടതാണ് സ്റ്റേഡിയം.
ചുറ്റുമതിൽ സോളാർ സംവിധാനം, പാർക്കിങ് ഏരിയ തുടങ്ങിയവയും സ്റ്റേഡിയത്തിൽ ഉണ്ടാകും. ആയിരത്തോളം കാണികൾക്ക് കളികാണാനും സൗകര്യമുണ്ടായിരിക്കും. ഭിന്നശേഷിക്കാരെ കൂടി പരിഗണിച്ചാണ് ഗവ. ബധിര സ്കൂൾ കോംബൗണ്ടിൽ സ്റ്റേഡിയം ഒരുക്കുന്നത്. 11 വർഷം മുമ്പാണ് സ്റ്റേഡിയം പദ്ധതിക്ക് തുടക്കം കുറിച്ചത്. അന്ന് ബധിര സ്കൂൾ മൈതാനിയായിരുന്നു പദ്ധതിക്കായി കണ്ടെത്തിയിരുന്നത്. എന്നാൽ പിന്നീട് കാഞ്ഞിരപ്പുഴ ഇറിഗേഷൻ പദ്ധതിയുടെ കണ്ണിയംപുറത്തെ സ്ഥലം സ്റ്റേഡിയത്തിന് ഉപയോഗപ്പെടുത്താനായി തീരുമാനം. ജലസേചന വകുപ്പ് സ്ഥലം വിട്ടുനൽകാത്തതിനെ തുടർന്ന് വീണ്ടും ബധിര സ്കൂൾ കോമ്പൗണ്ടിലേക്ക് തന്നെ പദ്ധതി മാറ്റുകയായിരുന്നു. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ ഒറ്റപ്പാലത്തെ കായിക പ്രേമികളുടെ കളിസ്ഥലമില്ലാത്തതിന്റെ നിരാശക്ക് ശാശ്വത പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.