ഒറ്റപ്പാലം: നെയ്ത്തും തുന്നലും പോലുള്ള പരമ്പരാഗത തൊഴിലുകൾ ഓണക്കാലത്ത് സജീവമാവുമ്പോഴും പരമ്പരാഗത ചെരിപ്പ് നിർമാണമേഖല ഇക്കുറി ഓണം കടക്കാൻ കിതച്ച് നിൽപ്പാണ്. ദശാബ്ദങ്ങളോളം പാദങ്ങൾക്കായി രക്ഷതീർത്തവർ ചോദ്യച്ചിഹ്നമാവുമ്പോൾ ഒപ്പം നടന്ന നാടിനും ദുഃഖം. പാദരക്ഷകൾ ഉപയോഗിച്ചുതുടങ്ങിയ കാലം മുതൽ തിരക്കിലമർന്നിരുന്ന ഇക്കൂട്ടരുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ഏറെ പാടുപെടുന്ന അവസ്ഥയാണിന്ന്.
വീടിനോട് ചേർന്ന ചായ്പുകളിലും നാലാൾ കൂടുന്ന കവലകളിലും നിരത്തിയിട്ട പണിയായുധങ്ങൾക്ക് പിന്നിൽ അമർന്നിരുന്ന് ഇടവേളകളില്ലാതെ ജോലി ചെയ്തിരുന്നതായിരുന്നു ഇവരുടെ പൂർവികരുടെ ചിത്രം. ടയർ കീറി നിർമിക്കുന്ന റബർ ചെരിപ്പുകളായിരുന്നു അക്കാലത്ത് പ്രചാരം. തോൽ ചെരിപ്പുകൾ അത്യപൂർവമായി നിർമിക്കാനും അവസരം ലഭിച്ചിരുന്നു. ചെരിപ്പുകളിൽ നൂലിഴകൾ തുന്നിച്ചേർത്തും തട്ടിയും മുട്ടിയും സദാ ജോലിചെയ്യുന്നതിനിടയിൽ ഇവർ തന്നെ നിർമിച്ചുനൽകിയ ചെരിപ്പുകളുടെ അറ്റകുറ്റപ്പണികളും കുട നന്നാക്കലും മറ്റും മുറക്ക് നടന്നിരുന്നു. എന്നാൽ, കൈയോടെ ഇവ അറ്റകുറ്റപ്പണി ചെയ്ത് ലഭിച്ചിരുന്നില്ല. ജോലിത്തിരക്ക് മൂലം പിന്നീട് വരാൻ പറഞ്ഞ് സാധനം വാങ്ങിവെക്കും. യന്ത്രവത്കൃത യുഗത്തിൽ വിവിധ രൂപഭാവങ്ങളിൽ ചെരിപ്പുകൾ നിർമാണ ശാലകളിൽനിന്ന് വിപണികളിൽ എത്തിത്തുടങ്ങിയതാണ് ചെരിപ്പുകുത്ത് തൊഴിലാളികളുടെ വയറ്റത്തടിച്ചത്. പഴയ റബർ ചെരിപ്പുകൾ പുതിയ തലമുറക്ക് കേട്ടുകേൾവി പോലുമല്ലെന്നതാണ് വസ്തുത.
ആദ്യകാല പ്രമുഖ ബ്രാൻഡായ ബാറ്റ കമ്പനിയെ പിൻപറ്റി എണ്ണമറ്റ ചെരിപ്പ് നിർമാണ സ്ഥാപനങ്ങളാണ് വിപണികളിൽ ഇന്ന് മത്സരിക്കുന്നത്. നാടും നഗരവും ഭേദമില്ലാതെ ഇവക്ക് ഷോറൂമുകളും വിൽപന ശാലകളുമുണ്ട്. നാലും അഞ്ചും ജോഡി ചെരിപ്പുകളും ഷൂകളും പുതിയ തലമുറയുടെ ലക്ഷണമായി മാറി. ചില്ലറ കേടുപാടുകൾ തീർത്ത് അവ വീണ്ടും ഉപയോഗിക്കുക എന്നത് നാട്ടുനടപ്പ് അല്ലാതായി. പല ചെരിപ്പുകളും തുന്നി ശരിയാക്കാനും കഴിയാത്ത തരത്തിലാണ് നിർമാണം. നടത്തത്തിനിടയിൽ വാറും മറ്റും പൊട്ടുമ്പോഴാണ് പ്രധാനമായും ജനം ഇവരെ തേടുന്നത്. മഴക്കാലത്ത് കുടയും തുന്നൽ വിടുന്ന ബാഗും കുട്ടികളുടെ കളിക്കിടയിൽ കേടുവരുന്ന ഫുട്ബാളും മറ്റുമാണ് ഇക്കൂട്ടരുടെ ഇപ്പോഴത്തെ വരുമാന മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.