ഒറ്റപ്പാലം: മലിനജല വിഷയത്തിൽ വീർപ്പുമുട്ടുന്ന നഗരത്തിന് ആശ്വാസമായി നഗര കേന്ദ്രീകൃത മലിനജല ശുദ്ധീകരണ ശാല (സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്) ഒറ്റപ്പാലത്ത് വരുന്നു. നഗരസഭ ബസ് സ്റ്റാൻഡിന് പുറകിലുള്ള 52 സെന്റ് സ്ഥലത്താണ് പ്ലാന്റ് ഉയരുക. ഇതിന്റെ പൈലിങ് പ്രവൃത്തികൾക്ക് തുടക്കമായി. പത്ത് വർഷത്തെ പരിപാലനമുൾപ്പടെ 29.71 കോടി രൂപയുടേതാണ് പദ്ധതി. 17.73 കോടി രൂപ ചെലവിട്ടാണ് പ്ലാന്റ് നിർമിക്കുക. 11.98 കോടി രൂപ പരിപാലനം ഉൾപ്പെട്ട ചെലവിലേക്കാണ്. പ്രതിദിനം 15 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാവുന്ന പ്ലാന്റാണ് യാഥാർഥ്യമാകുന്നത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രി മുതൽ റെയിൽവേ സ്റ്റേഷൻ വരെയും കിഴക്കേത്തോട് പാലം മുതൽ കണ്ണിയംപുറം പാലം വരെയും പ്രധാനപാതകൾക്കടിയിലൂടെ 560 ചേമ്പറുകൾ (സംഭരണി) പദ്ധതിയുടെ ഭാഗമായി നിർമിക്കും. മലിനജലം ശേഖരിക്കുന്നതിനാണിത്. പൈപ്പ് ലൈനുകൾ വഴിയാണ് മലിനജലം ചേമ്പറുകളിൽ എത്തിക്കുക. ഓരോ ചേമ്പറിലേക്കും അഞ്ച് വീതം കണക്ഷനുകൾ നൽകാനാകും. വ്യാപാര സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമുള്ള മലിനജലം ഇതിലേക്ക് ഒഴുക്കിവിടും. ചേമ്പറിലെത്തുന്ന മലിനജലം ബസ് സ്റ്റാൻഡിന് പിറകിലുള്ള ശുദ്ധീകരണ പ്ലാന്റിലേക്ക് പമ്പ് ചെയ്യും.
കെട്ടിടനിർമാണം, തോട്ടം നനയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ശുദ്ധീകരിച്ച ജലം ഉപയോഗിക്കാം. മിച്ചജലം പുഴയിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. റെയിൽവേ, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിപൊളിക്കേണ്ടി വരുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 45 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് നൽകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. മഴയിൽ അഴുക്കുചാലുകൾ ഒറ്റപ്പാലത്തെ നഗരപാതകളിലേക്ക് കരകവിഞ്ഞൊഴുകിയുണ്ടാകുന്ന ദുരിതത്തിന് അനുഗ്രഹമാകുന്ന പദ്ധതി ഉടൻ യാഥാർഥ്യമാക്കാനുള്ള നീക്കത്തിലാണ് കൊച്ചി ആസ്ഥാനമായ സ്വകാര്യ കരാർ സ്ഥാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.