ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിൽ ഡോക്ടറില്ലാത്തത് രോഗികളെ വലക്കുന്നു. തസ്തികയിൽ ഉണ്ടായിരുന്ന ഡോക്ടറെ ഒരുമാസം മുമ്പ് സസ് പെൻഡ് ചെയ്യുകയും പകരം നിയമനം നടക്കാത്തതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ സാധ്യമാകാത്ത സാഹചര്യത്തിൽ ദൂരെയുള്ള ജില്ല ആശുപത്രിയെയോ സ്വകാര്യ ആശുപത്രികളെയോ സമീപിക്കേണ്ടി വരുന്നത് നിർധന രോഗികൾക്ക് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി പരാതികളും ഉയരുന്നുണ്ട്. ഒക്ടോബർ ആദ്യവാരത്തിലാണ് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലുണ്ടായിരുന്ന വനിത ഡോക്ടറെ ആരോഗ്യവിഭാഗം സസ്പെൻഡ് ചെയ്തത്.
ആശുപത്രിക്കെതിരെയും ഡോക്ടർമാർക്കെതിരെയും പൊതുവേദികളിൽ നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം വിളിച്ചുകൂട്ടിയ ഡോക്ടർമാരുടെ യോഗത്തിൽനിന്നും തന്നിഷ്ടപ്രകാരം ഇറങ്ങിപോയതുമായി ബന്ധപ്പെട്ടാണ് നേത്ര രോഗ വിഭാഗം ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ ഇടയാക്കിയത്.
യോഗത്തിൽ പങ്കെടുത്തിരുന്ന കെ. പ്രേംകുമാർ എം.എൽ.എ, നഗരസഭ അധ്യക്ഷ ജാനകിദേവി എന്നിവരുമായി തർക്കിച്ചായിരുന്നു ഡോക്ടറുടെ ഇറങ്ങിപ്പോക്ക്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ആരോഗ്യ വിഭാഗം ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തിൽ എല്ലാവിധ സംവിധാനത്തോടുകൂടിയ നേത്രരോഗ വിഭാഗമായിരുന്നിട്ടും തിമിര ശസ്ത്രക്രിയ നടക്കാത്തതുമായി ബന്ധപ്പെട്ട് മാസങ്ങളായി പരാതികളും പതിവായിരുന്നു. ഡോക്ടറുടെ ആത്മവിശ്വാസ കുറവാണ് ശസ്ത്രക്രിയ മുടങ്ങാൻ മുഖ്യകാരണമായി ആശുപത്രി സൂപ്രണ്ട് എച്ച്.എം.സി യോഗത്തിൽ ആരോപിച്ചിരുന്നതാണ്.
ഡോക്ടറുടെ അഭാവത്തിൽ ആശുപത്രയിലെ നേത്രരോഗ വിഭാഗം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ പകരം ഡോക്ടറെ നിയമിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.