മീറ്റ്നയിൽ റെയിൽവേ ട്രാക്കിന് സമീപം പമ്പിങ് മെയിൻ
മാറ്റിസ്ഥാപിക്കുന്നു
ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്ത്, ഒറ്റപ്പാലം നഗരസഭ എന്നീ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് മെയിൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. വ്യാഴാഴ്ച വരെയുള്ള അഞ്ച് ദിനങ്ങളിൽ ജല വിതരണം പൂർണമായും നിർത്തിവെച്ചാണ് പ്രവൃത്തികൾ നടക്കുന്നത്. മീറ്റ്നയിൽ റെയിൽവേ ട്രാക്കിന് അടിയിലുള്ള പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിക്കാണ് ഞായറാഴ്ച തുടക്കം കുറിച്ചത്.
റെയിൽവേ ട്രാക്കിനടിയിലൂടെ സ്ഥാപിച്ച പൈപ്പുകൾ നീക്കി പുതിയത് സ്ഥാപിക്കണമെന്ന് ജല അതോറിറ്റിയും റെയിൽവേ അധികൃതരും ആവശ്യപ്പെട്ടിരുന്നതായി നഗരസഭ ഉപാധ്യക്ഷൻ കെ,രാജേഷ് പറഞ്ഞു. പമ്പിങ് ലൈനിന്റെ റെയിൽവേ ക്രോസിങ്ങിൽ ലീക്ക് രൂപപ്പെട്ടതിനാൽ റെയിൽവേ ട്രാക്കിന്റെ സുരക്ഷയും പ്രശ്നമാണ്. പമ്പിങ് വേളയിൽ അനുഭവപ്പെടുന്ന അമിത മർദമാണ് പൈപ്പ് തകർന്ന് ചോർച്ചക്ക് ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തിര പ്രവൃത്തികൾക്ക് തുടക്കമിട്ടതെന്നും നഗരസഭ അധികൃതർ പറഞ്ഞു.
പഴയ പൈപ്പ് നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുന്ന സങ്കീർണതകൾ ഏറെയുള്ള പ്രവൃത്തികളാണ് പൂർത്തിയാക്കേണ്ടത്. പുഴയുടെ സമീപം മണ്ണ് കുഴിച്ചുനടത്തുന്ന പ്രവൃത്തിയായതിനാൽ വെള്ള പ്രശ്നവും തടസ്സം സൃഷ്ടിക്കുന്നുണ്ട്. മഴയും നിർമാണത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രഖ്യാപനമനുസരിച്ച് അഞ്ച് ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കുന്നതിൽ ആശങ്കപ്പെടുന്നവരുമുണ്ട്. ജല അതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്നവർക്ക് ബദൽ സംവിധാനം ഒരുക്കാതെ നടത്തുന്ന പ്രവൃത്തികൾക്കെതിരെ പരാതികളും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.